എറണാകുളം: കണ്ടെയ്ന്‍മെന്‍റ് സോണില്‍ തുടരുന്ന ആലുവ മാര്‍ക്കറ്റിലെ മൊത്ത വ്യാപാരികള്‍ക്ക് ആഴ്ചയിലൊരു ദിവസം ചരക്കു ലോറികളില്‍ അവശ്യ സാധനങ്ങള്‍ ഇറക്കാന്‍ അനുമതി. ഇതിനായി പ്രത്യേക സമയം നിശ്ചയിച്ചു നല്‍കും. എന്നാല്‍ വ്യാപാരികള്‍ക്ക് സാധനങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണിനു പുറത്തേക്ക് വില്‍ക്കാന്‍ അനുവാദമില്ല. ആലുവ മുനിസിപ്പാലിറ്റിയിലും കണ്ടെയ്ന്‍മെന്‍്റ് പ്രദേശമായ തൊട്ടടുത്തുള്ള കീഴ്മാട് പഞ്ചായത്തിലും കടകളില്‍ സാധനങ്ങള്‍ എത്തിക്കാം. മന്ത്രി വി.എസ്.സുനില്‍കുമാര്‍ ആലുവ എം എല്‍ എ അന്‍വര്‍ സാദത്തും വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സി ലാ ണ് തീരുമാനം.

നിലവില്‍ മാര്‍ക്കറ്റില്‍ ഉള്ള കാലിത്തീറ്റ ഉള്‍പ്പടെയുള്ള നാശം സംഭവിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ മാറ്റാന്‍ വ്യാപാരികള്‍ക്ക് സമയം നല്‍കി. പുലര്‍ച്ചെ അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമയം ഇതിനായി വിനിയോഗിക്കാം. വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വഴിയോ ഫോണ്‍ കോള്‍ വഴിയോ ഓര്‍ഡറുകള്‍ സ്വീകരിച്ച്‌ സാധനങ്ങള്‍ എത്തിച്ചു കൊടുക്കാം. ഒരു കാരണവശാലും ആലുവ മാര്‍ക്കറ്റിലെ സാധനങ്ങള്‍ കണ്ടെയ്ന്‍മെന്‍്റ് സോണിന് പുറത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു. രോഗവ്യാപന സാധ്യത തടയുകയാണ് മുഖ്യം.

ആലുവ നിലവില്‍ നിയന്ത്രണത്തില്‍ തുടരുകയാണ്. കച്ചവടക്കാര്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ജില്ലാ കളക്ടര്‍ എസ്.സുഹാസ് , റൂറല്‍ എസ്.പി. കെ. കാര്‍ത്തിക് തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.