ചെറുതോണി: വിദേശമദ്യവുമായി പിടിയിലായ പ്രതിക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചതോടെ ഇടുക്കി സ്‌റ്റേഷനിലെ എസ്‌ഐമാരുള്‍പ്പെടെ 10 പോലീസുകാര്‍ ക്വാറന്റൈനിലായി. വില്‍പ്പനക്കായി വിദേശമദ്യം വാഹനത്തിലെത്തിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത മണിയാറന്‍കുടി സ്വദേശിയ്ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

നാല് പേര്‍ക്കാണ് പ്രാഥമിക സമ്ബര്‍ക്കം ഉണ്ടായിരുന്നതെങ്കിലും ആ സമയം ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവരും ക്വാറൈന്റനില്‍ പോവുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി പോലീസ് സ്‌റ്റേഷനും പരിസരവും അണുവിമുക്തമാക്കി. 10 ജീവനക്കാര്‍ കുറഞ്ഞത് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

കസ്റ്റഡിയിലായ പ്രതി കട്ടപ്പന ഭാഗത്ത് നിന്ന് ബസിലാണ് ചെറുതോണിയിലെത്തിയത്. ഇവിടെ നിന്നും ഓട്ടോറിക്ഷ വിളിച്ച്‌ മണിയാറന്‍കുടിക്ക് പോകും വഴിയാണ് പിടിയിലാകുന്നത്. ഇയാളെ കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവറും ബസിലെ യാത്രക്കാരും നിരീക്ഷണത്തില്‍ പോകേണ്ടി വരും. കരിമ്ബനില്‍ രോഗം പിടിപെട്ട വാഴത്തോപ്പ് സ്വദേശിയുടെ ഭാര്യയും മകനും ചെറുതോണിയിലെ നിരവധി വ്യാപാര സ്ഥാപനത്തിലും ബാങ്കിലും കയറിയതായി വിവരമുണ്ട്. രോഗികള്‍ കൂടിയതിനാല്‍ ചെറുതോണി ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ ഉടമകള്‍ ഭയക്കുകയാണ്.