തിരുവനന്തപുരം വട്ടിയൂര്‍കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സിഐ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി. തലസ്ഥാനത്ത് കൊവിഡ് നിരക്ക് ഉയരുന്നതിനിടെയാണ് സംഭവം.

കൊവിഡ് സാഹചര്യം രൂക്ഷമായ തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 222 പേര്‍ക്കാണ്. അതിലും 203 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗ ബാധ. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര പ്രതിസന്ധിയാണ് കൊവിഡ് മൂലമുണ്ടായിരിക്കുന്നത്. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് രോഗബാധയുണ്ട്. 150തോളം ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. ആറ് ദിവസത്തിനിടെ 18 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. എന്നാല്‍ ആശുപത്രി അടച്ചിടേണ്ട കാര്യമില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം- 222, എറണാകുളം- 98, പാലക്കാട്- 81, കൊല്ലം- 75, തൃശൂര്‍- 61, കാസര്‍ഗോഡ്- 57, ആലപ്പുഴ- 52, ഇടുക്കി- 49, പത്തനംതിട്ട- 35, കോഴിക്കോട്- 32, മലപ്പുറം- 25, കോട്ടയം- 20, കണ്ണൂര്‍- 13, വയനാട്- 1 എന്നിങ്ങനെയാണ് രോഗബാധിതര്‍. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്‍ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 42 ആയി.