കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് മൈതാനങ്ങള്‍ വീണ്ടും സജീവമാകുമ്ബോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന്. ഒക്ടോബറില്‍ നടക്കുന്ന പരമ്ബരയ്ക്ക് ഓസ്ട്രേലിയയിലേക്ക് പറക്കാന്‍ ഇന്ത്യയും ഓസ്ട്രേലിയയും ഇന്ത്യയെ സ്വീകരിക്കാന്‍ ഓസ്ട്രേലിയയും സജ്ജമായി കഴിഞ്ഞു. മത്സരത്തിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടെങ്കിലും ആരാധകര്‍ വലിയ ആവേശത്തിലാണ്.

നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം. 2018-2019ല്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന സ്മിത്തും വാര്‍ണറും ഇത്തവണ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിരാട് കോഹ്‌ലിക്കും സംഘത്തിനും കങ്കാരുക്കളെ അത്ര എളുപ്പത്തില്‍ കീഴടക്കാന്‍ സാധിക്കില്ല. അതേസമയം ഇന്ത്യന്‍ ബോളിങ് നിരയാകും ഓസ്ട്രേലിയയില്‍ കരുത്ത് കാട്ടാന്‍ പോകുന്നതന്നാണ് ഓസിസ് താരം ലബുഷെയ്ന്‍ പറയുന്നു.

കഴിഞ്ഞ കുറച്ച്‌ നാളുകളായി ഇന്ത്യന്‍ പേസര്‍മാര്‍ രാജ്യാന്തര ക്രിക്കറ്റിലെ തന്നെ ഏറ്റവും കരുത്തുറ്റ നിരയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേശ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരടങ്ങുന്ന നിര എതിരാളികളെ ചെറിയ സ്കോറിന് പുറത്താക്കുകയും വിജയലക്ഷ്യം പ്രതിരോധിക്കുകയും ചെയ്യുമ്ബോള്‍ ഇന്ത്യ പല മത്സരങ്ങളും ജയിച്ചിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇത് പുതുതലമുറയുടെ വളര്‍ച്ച കാലഘട്ടമാണ്. ബുംറയ്ക്കും ഷമിക്കുമൊപ്പം അവരും നീലകുപ്പായത്തില്‍ കരുത്ത് കാട്ടുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനും കരുത്ത് കാട്ടാന്‍ പോകുന്നത് ഇതേ ബൗളിങ് നിരയാകുമെന്നാണ് ലബുഷെയ്ന്‍ പറയുന്നത്. “അവരെല്ലാം നല്ല ബൗളര്‍മാരാണെങ്കിലും ജസ്പ്രീത് ബുംറയെ മറികടക്കുക പ്രയാസമാണ്. 140 കിലോമീറ്റര്‍ വേഗതയില്‍ സ്ഥിരമായി പന്തെറിയാനും സാഹചര്യങ്ങള്‍ അനുയോജ്യമാകുമ്ബോള്‍ പന്ത് സ്വിങ് ചെയ്യാനും അദ്ദേഹത്തിന് കഴിവുണ്ട്. സ്റ്റംമ്ബില്‍ പന്ത് തിരികെ ആംഗിള്‍ ചെയ്യാനും അദ്ദേഹത്തിന് കഴിയും. ജസ്പ്രീത് ബുംറ തന്നെയായിരിക്കും ഇന്ത്യന്‍ ആക്രമണത്തിന്റെ നേതാവ്,” ലബുഷെയ്ന്‍ പറഞ്ഞു.

ബുംറയെ കൂടാതെ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള ഇഷാന്ത് ശര്‍മയുടെ വളര്‍ച്ചയെയും ലാബുഷെയ്ന്‍ പ്രശംസിച്ചു. സിഡ്‌നിയില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ടെസ്റ്റ് കളിച്ച ഓസിസ് വലംകയ്യന്‍ ബാറ്റ്സ്മാന്‍, ഇന്ത്യയെ നേരിടുമ്ബോള്‍ ഒരു പടി മുന്നോട്ട് പോകണമെന്ന് സ്വയം വിലയിരുത്തുന്നു.