ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത് 534 പേര്‍. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 26,816 ആയി. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത് . 24 മണിക്കൂറില്‍ 38902 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികള്‍ 1077618 ആയി.

ശനിയാഴ്ച്ച മാത്രം 358127 സാമ്ബികളുകള്‍ കൊവിഡ് പരിശോധന നടത്തി. പുതിയ കേസുകളുടെ 61.31 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 23,853 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയില്‍ മാത്രം 24 മണിക്കൂറിനിടെ 8308 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.144 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം 24 മണിക്കൂറില്‍ 5307 പേര്‍ക്ക് കൊവിഡ് ഭേദമായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇതുവരേയും 165663 പേര്‍ക്ക് രോഗം ഭേദമാവുകയും 11596 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

കര്‍ണാടകയില്‍ രോഗവ്യാപനം രൂക്ഷമായി. അന്‍പത് ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാന്‍ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. ആന്ധ്രയിലെ ശ്രീകാകുളത്ത് 14 ദിവസത്തെ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ ചേരിപ്രദേശമായ ഗാന്ധി കോളനി കണ്ടെന്റ്‌മെന്റ് സോണായി മാറി.

ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകളുടെ 40 ശതമാനവും ലക്‌നൗ, വാരാണസി, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, കാണ്‍പൂര്‍ നഗര്‍, ഝാന്‍സി ജില്ലകളില്‍ നിന്നാണ്. പശ്ചിമബംഗാളില്‍ രോഗബാധിതരുടെ എണ്ണം 40,000 കടന്നു.