സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിശുദ്ധ മക്കയിലേക്ക് അനുമതി രേഖയില്ലാതെ പ്രവേശിക്കുന്നതിനുള്ള വിലക്ക് 19ന് പ്രാബല്യത്തില്‍ വരും. ജൂലൈ 19 ഞായറാഴ്ച മുതല്‍ ഓഗസ്റ്റ് മാസം രണ്ടാം തിയതി ഞായറാഴ്ച വരെയുള്ള രണ്ടാഴ്ചത്തേക്കാണ് ഈ നിയന്ത്രണം.

മിന, മുസ്ദലിഫ, അറഫ എന്നീ പുണ്യസ്ഥലങ്ങളിലേക്കും പ്രവേശന വിലക്കുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമായ പ്രവേശന നിരോധനം ഹജ് കര്‍മം തീരുന്നതുവരെ തുടരും.അനുമതി പത്രമില്ലാതെ പ്രവേശിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. കുറ്റം ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ. 20നും 50നും ഇടയില്‍ പ്രായമുള്ള വിവിധ രാജ്യക്കാരായ 10,000 പേര്‍ക്കാണ് ഇത്തവണത്തെ ഹജ് നിര്‍വഹിക്കാന്‍ അവസരം.