ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിലും കുതിരക്കച്ചവട നീക്കങ്ങളിലും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഗുഡ.

അന്വേഷണ സംഘം പിടികൂടിയ സഞ്ജയ് ജെയിന്‍ എന്നയാള്‍ എട്ടു മാസം മുമ്ബ് ബന്ധപ്പെട്ടിരുന്നുവെന്നും വസുന്ധര രാജെ അടക്കമുള്ളവരുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിരുന്നതായും രാജേന്ദ്ര ഗുഡ ആരോപിച്ചു.

മൂന്ന് ഇടനിലക്കാര്‍ കൂടി അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും ഇവരുടെ നീക്കങ്ങള്‍ പിന്നീട് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും രാജേന്ദ്ര ഗുഡ പറഞ്ഞു.

നേരത്തെ, ഗെലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തന്നോട് അടുപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരോട് വസുന്ധര ആവശ്യപ്പെട്ടിരുന്നതായി എന്‍ഡിഎ ഘടകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി നേതാവും എംപിയുമായ ഹനുമാന്‍ ബെനിവാള്‍ ആരോപിച്ചിരുന്നു.