ദില്ലി: അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന റാഫാല്‍ യുദ്ധവിമാനങ്ങള്‍ ഈ മാസം അവസാനത്തോടെ രാജ്യത്തെത്തുമെന്ന് സൂചന. മെയ് അവസാനത്തോടെ രാജ്യത്ത് എത്തിക്കേണ്ടിയിരുന്ന റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെയും ഫ്രാന്‍സിലെയും കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ട് മാസത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. മൂന്ന് ട്വിന്‍ സീറ്റര്‍ ട്രെയിനര്‍ വിമാനങ്ങളും ഒരു സിംഗിള്‍ സീറ്റര്‍ യുദ്ധവിമാനവുമടക്കം നാല് വിമാനങ്ങളാണ് ഈ ഘട്ടത്തില്‍ ഇന്ത്യയിലെത്തുക.

യുദ്ധവിമാനങ്ങളെക്കുറിച്ചും കിഴക്കന്‍ ലഡാഖിലെ യഥാര്‍ഥ നിയന്ത്രണരേഖയെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ ഉന്നത വ്യോമസേന കമാന്‍ഡര്‍മാര്‍ ഈ ആഴ്ച യോഗംചേരുന്നുണ്ട്. ജൂലൈ 22നാണ് കമാന്‍ഡര്‍ തലത്തിലുള്ള യോഗം നടക്കുന്നതെന്നാണ് വിവരം. സുരക്ഷ വിഷയങ്ങളെക്കുറിച്ചാകും രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന കമാന്‍ഡര്‍മാരുടെ യോഗത്തില്‍ ചര്‍ച്ചചെയ്യുകയെന്നാണ് വിവരം. എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍‌കെ‌എസ് ഭദൗരിയയുടെ നേതൃത്വത്തിലുള്ള കോണ്‍ഫറന്‍സിലെ പ്രധാന അജണ്ട ചൈനയുമായുള്ള അതിര്‍ത്തി വിഷയവും കിഴക്കന്‍ ലഡാഖിലെ സേനാവിന്യാസവുമാകും.

നിലവില്‍ മിറേജ് 2000, സുഖോയ് -30, മിഗ് -29 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ വ്യോമസേന അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. അപ്പാച്ചെ ഹെലികോപ്റ്ററുകളം അതിര്‍ത്തിയില്‍ വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റാഫാല്‍ വിമാനങ്ങളെത്തുമ്ബോള്‍ സ്വീകരിക്കേണ്ട നടപടികളും കമാന്‍ഡര്‍മാരുടെ യോഗത്തില്‍ ചര്‍ച്ചചെയ്യും. ഈ വിമാനങ്ങളും ചൈനീസ് അതിര്‍ത്തിയിലേക്കെത്തുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.