തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ജൂലൈ 25 അര്‍ദ്ധരാത്രിവരെ നീട്ടി. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. കോവിഡ് സമ്ബര്‍ക്ക വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് ലോക്ക് ഡൗണ്‍ നീട്ടിയത്.

2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 26, 30, 34 വകുപ്പുകള്‍ പ്രകാരമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീട്ടുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ഐഎഎസ് അറിയിച്ചു.

ഉത്തരവ് അനുസരിച്ച്‌ ജൂലൈ 28 അര്‍ദ്ധരാത്രി വരെ തിരുവനന്തപുരം നഗരം കര്‍ശനമായ ലോക്ക്ഡൗണില്‍ തുടരും. ഈ ഉത്തരവ് നഗരസഭയിലെ വാര്‍ഡുകള്‍ക്ക് ബാധകമായിരിക്കും. തീരപ്രദേശങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി നിശ്ചയിച്ചുകൊണ്ടുള്ള 18.07.2020ലെ ഉത്തരവില്‍ മാറ്റമില്ല.

അതേസമയം ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അക്കൌണ്ടന്റ് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിപ്പിക്കാം.

കിന്‍ഫ്ര പാര്‍ക്കിലെ ഭക്ഷ്യസംസ്ക്കരണ, മരുന്ന് നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. തൊഴിലാളികള്‍ അതേ സൈറ്റില്‍ തന്നെ താമസിക്കുന്നവരാണെങ്കില്‍ കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് ജൂലൈ 12ന് പുറത്തിറക്കിയ ഉത്തരവിലെ മറ്റ് നിര്‍ദേശങ്ങള്‍ തുടരും.

ഇന്ന് തിരുവനന്തപുരത്ത് 222 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 203 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.