അബൂദബി:യുഎഇയില്‍ കാലാവധി പൂര്‍ത്തിയായ ടൂറിസ്റ്റ്, സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി. സെപ്റ്റംബര്‍ 11 വരെയാണു പുതുക്കിയ സമയം. നേരത്തെ മാര്‍ച്ച്‌ ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ സന്ദര്‍ശക, ടൂറിസ്റ്റ് വീസയിലുള്ളവര്‍ ആഗസ്റ്റ് 11 നകം രാജ്യം വിടുകയോ വിസ പുതുക്കുകയോ വേണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശമാണ് ഭേദഗതി ചെയ്തത്.

ഈ ആനുകൂല്യം ഒറ്റത്തവണ മാത്രമാണ് ലഭ്യമാകുക. ഇതിനിടെ വിസ പുതുക്കുകയോ താമസ-തൊഴില്‍ വിസയിലേക്കു മാറുകയോ വേണം. മാര്‍ച്ച്‌ ഒന്നിനു ശേഷം താമസ വിസ കാലാവധി തീര്‍ന്നവര്‍ക്കു ജൂലൈ 12 മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ പുതുക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ എല്ലാ വിസകള്‍ക്കും ഡിസംബര്‍ 31 വരെ കാലാവധി നീട്ടി നല്‍കിയിരുന്നതു റദ്ദാക്കിയാണ് പുതിയ നിര്‍ദേശങ്ങള്‍.