കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ അന്ധമായി വിശ്വസിക്കാറില്ലെന്നും ഏറ്റവും അടുപ്പമുള്ളവര്‍ ആയാലും തെറ്റു ചെയ്താല്‍ ആ നിമിഷം ബന്ധം കട്ട് ചെയ്യുന്ന ആളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ സംഭവിച്ചത് ഏറ്റവും വിശ്വസിച്ച ഉദ്യോഗസ്ഥന്‍ തന്നെ വിശ്വാസം ദുരുപയോഗപ്പെടുത്തിയതാണ്. കൂടെ നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ ‘സാമര്‍ഥ്യം’ മുഖ്യമന്ത്രിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും
കോടിയേരി മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’ യില്‍ പറഞ്ഞു.

വിവാദസ്ത്രീയുമായി ശിവശങ്കറിന് അടുത്ത ബന്ധമാണ് എന്നത് വ്യക്തമായി. ഭരണകാര്യങ്ങള്‍ക്കായി ഏറെ സമയം ഓഫിസില്‍ ചെലവഴിക്കുന്ന മുഖ്യമന്ത്രിക്ക് ഇതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നും കോടിയേരി വ്യക്തമാക്കി. അപ്രമാദിത്തമോ സര്‍വാധികാരി സ്ഥാനമോ സിപിഎമ്മില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആര്‍ക്കും ഇല്ലെ പാര്‍ട്ടിക്ക് ആരെയും ഭയക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കു പിണറായിയെ പേടിയാണോ എന്ന ചോദ്യത്തിനു പിണറായിക്കു പാര്‍ട്ടിയെ മാത്രമേ പേടിയുളളൂ എന്നാണ് കോടിയേരി മറുപടി നല്‍കിയത്. കൂട്ടായ നേതൃത്വത്തിന്റെ ഭാഗമായ മുഖ്യമന്ത്രി പാര്‍ട്ടിക്കു വിധേയനായാണ് പ്രവര്‍ത്തിക്കുന്നത്. നിയമനങ്ങള്‍ ഉള്‍പ്പെടെ പാര്‍ട്ടി വിലക്കുന്നതൊന്നും പിണറായി ചെയ്യാറില്ല. മുഖ്യമന്ത്രിയോടു സംസാരിക്കാന്‍ പലര്‍ക്കും ധൈര്യമില്ല എന്നത് വെറും പ്രചാരണമാണെന്നും കോടിയേരി പറഞ്ഞു.

പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ പാര്‍ട്ടി ഭാവിയില്‍ കരുതലെടുക്കും. ഓഫിസ് കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രി ഇടപെടും. മന്ത്രിമാര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള പാര്‍ട്ടി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും.

കണ്‍സല്‍റ്റന്‍സി ഒരു മേഖലയിലും പാടില്ല എന്ന നിലപാട് ഇല്ലെന്നു കോടിയേരി വിശദീകരിച്ചു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അതും പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.