രാജ്യത്തെ കൊവിഡ് കേസുകള്‍ പത്തരലക്ഷത്തിലേക്ക് അടുക്കുന്നു. പല സംസ്ഥാനങ്ങളിലും സമൂഹവ്യാപനം തുടങ്ങിയതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ.വി.കെ. മോംഗ മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ മൂന്ന് ലക്ഷം കടന്നു. മുംബൈയില്‍ മാത്രം ഒരു ലക്ഷം കൊവിഡ് കേസുകളായി. തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും തുടര്‍ച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്ധ്രപ്രദേശിലും വന്‍വര്‍ദ്ധനയാണ് ഇന്നലെയുണ്ടായത്. മൂവായിരത്തി തൊള്ളായിരം കേസുകളാണ് 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമബംഗാളില്‍ രോഗബാധിതരുടെ എണ്ണം 40,000 കടന്നു. സാമ്ബിളുകള്‍ പരിശോധിക്കുന്നത് വര്‍ധിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദ് മെഡിക്കല്‍ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ആന്ധ്രയിലെ ശ്രീകാകുളത്ത് 14 ദിവസത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

ഷിംലയിലെ ഇന്ത്യന്‍ കോഫീ ഹൗസ് താത്കാലികമായി അടച്ചുപൂട്ടി. രണ്ടായിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബിഹാറിലും ഉത്തര്‍പ്രദേശിലും സ്ഥിതി ഗുരുതരമായി തുടരുന്നു. അത് സമയം ദില്ലിയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറില്‍ താഴെയെത്തിയത് ആശ്വാസകരമാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വര്‍ദ്ധനയ്ക്ക് സമാനമാണ് ഇപ്പോള്‍ ഇന്ത്യയിലെ കണക്ക്.