മിസിസ് യുണൈറ്റഡ് നേഷന്‍സ് സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മലയാളി വനിത. കൊല്ലം സ്വദേശിനിയും അധ്യാപികയുമായ നിമ്മി റേച്ചല്‍ കോശിയാണ് മത്സരത്തിന്റെ പത്താമത് എഡിഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനൊരുങ്ങുന്നത്. ഒരുപക്ഷേ, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളി വനിതയും നിമ്മി തന്നെയായിരിക്കും.

കൊല്ലം ചാത്തന്നൂര്‍ കുമ്മല്ലൂര്‍ തോട്ടത്തില്‍ ബംഗ്ലാവില്‍ കോശി-മിനി റേച്ചല്‍ കോശി ദമ്പതികളുടെ മകളാണ് നിമ്മി റേച്ചല്‍ കോശി. കണിയാപുരം ബ്രൈറ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ അധ്യാപികയാണ്. 2019-ല്‍ നടന്ന മിസിസ് ഇന്ത്യ എര്‍ത്ത് മത്സരത്തില്‍ കിരീടം ചൂടിയതിന്റെ ആത്മവിശ്വാസവുമായാണ് നിമ്മി ഒക്ടോബറില്‍ നടക്കുന്ന മിസിസ് യുണൈറ്റഡ് നേഷന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് റാംപില്‍ ചുവടു വെക്കാനൊരുങ്ങുന്നത്.

മോഡലിംഗ് രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന നിമ്മി ഭരതനാട്യത്തിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.