അസം: കനത്ത പ്രളയത്തില്‍ മുങ്ങി അസം. പ്രളയത്തില്‍ കാസിരംഗ ദേശീയ പാര്‍ക്കിന്റെ 95 ശതമാനവും വെള്ളത്തിനടിയിലായി. നൂറു കണക്കിന് വന്യമൃഗങ്ങളാണ് ഇവിടെ നിന്നു പലായനം ചെയ്‌തത്‌. ഇക്കൂട്ടത്തില്‍ തളര്‍ന്ന് അവശനായ ഒരു കാണ്ടാമൃഗത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ദേശീയ പാത 37ല്‍ എത്തിയ കാണ്ടാമൃഗം തളര്‍ന്ന് റോഡില്‍ തന്നെ കിടന്ന് ഉറങ്ങി. ഇതോടെ കാണ്ടാമൃഗത്തിന് ശല്യമാകാത്ത വിധത്തില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാവലായി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയ ജലത്തില്‍ നീന്തിയെത്തുന്ന മാനുകളുടെയും കാണ്ടാമൃഗങ്ങളുടെയുമൊക്കെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 

കനത്ത പ്രളയത്തില്‍ 76 മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നൂറോളം മൃഗങ്ങളെ രക്ഷപെടുത്തിയതായി വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ദേശീയ പാര്‍ക്ക് ഉള്‍പ്പെടുന്ന 430 സ്‌ക്വയര്‍ കിലോമീറ്ററോളം വെള്ളത്തിനടിയിലായി. നിരവധി മൃഗങ്ങള്‍ അടുത്ത ഗ്രാമങ്ങളിലേക്ക് അഭയം തേടിയെത്തിയിട്ടുണ്ട്. മൃഗങ്ങള്‍ സുരക്ഷിതമായ ഇടം തേടി ദേശീയപാതകളിലൂടെ സഞ്ചരിക്കുന്നതിനാല്‍ ഇവിടെ ഗതാഗത നിയന്ത്രണവുമുണ്ട്.