കുവൈറ്റ് സിറ്റി: ആരോഗ്യ സുരക്ഷാ നടപടികള്‍ ലംഘിച്ചതിനെ തുടര്‍ന്നു 185 കടകള്‍ അടപ്പിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഫൈസല്‍ അല്‍ ജുമ അറിയിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ 1061 നിയമലംഘനങ്ങള്‍ കണ്ടെത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അണിനിരന്ന സംഘം നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളും റീട്ടെയില്‍ സ്റ്റോറുകളും കേന്ദ്രീകരിച്ച്‌ 8230 പരിശോധനകള്‍ നടത്തിയതായും അധികൃതര്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിന്‍റെ കോവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങളും മുന്‍ കരുതലുകളും കടയുടുമകള്‍ പാലിക്കണം .അതോടപ്പം ഷോപ്പിംഗിനായി വരുന്ന ഉപഭോക്താക്കള്‍ നിര്‍ബന്ധമായും ഫെയ്‌സ് മാസ്കുകള്‍ ധരിക്കണമെന്നും കൈകളും ഉപരിതലങ്ങളും അണുവിമുക്തമാക്കാനുമുള്ള സൗകര്യങ്ങളും സ്ഥാപനത്തില്‍ സജ്ജീകരിക്കണമെന്നും ഫൈസല്‍ അല്‍ ജുമ പറഞ്ഞു. കടയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും നിര്‍ദ്ദേശങ്ങളും പ്രദര്‍ശിപ്പിക്കാനും ടോയ്‌ലറ്റുകള്‍ ശുചീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കോവിഡ് ജാഗ്രതയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ച്‌ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണ് രാജ്യത്ത് കടകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

അതിനിടെ മൂന്നുമാസത്തോളം നീണ്ടുനിന്ന ലോക്ഡൗണില്‍ സാധനങ്ങള്‍ പഴകിയും കേടുപാടുകള്‍ സംഭവിച്ചും കടയുടമകള്‍ക്ക് വന്‍ നഷ്ടങ്ങള്‍ വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.