• ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹ്യൂസ്റ്റണ്‍: കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പുതിയ അണുബാധകളുടെ പ്രതിദിന റെക്കോര്‍ഡ് ഇത്തവണയും പതിനൊന്നാം തവണ തകര്‍ന്നു. ഇതോടെ, രാജ്യത്തുടനീളമുള്ള നേതാക്കള്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള പുതിയ ഡാറ്റാബേസ് പ്രകാരം വെള്ളിയാഴ്ച, രണ്ടാം തവണയും 70,000 കൊറോണ വൈറസ് കേസുകള്‍ അമേരിക്കയില്‍ പ്രഖ്യാപിച്ചു. ഒരു ദിവസം മുമ്പ്, 75,600 പുതിയ കേസുകളുമായി രാജ്യം റെക്കോര്‍ഡ് സൃഷ്ടിച്ചതിനു പിന്നാലെയാണിത്. 3,790,830 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ മരണമടഞ്ഞവരുടെ എണ്ണം 142,405 കവിഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വ്യാപനത്തെ തുടര്‍ന്നു 18 സംസ്ഥാനങ്ങളിലാണ് റെഡ് സോണ്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞയൊരാഴ്ചയായി ഒരു ലക്ഷം പേരില്‍ 100 ല്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പല സംസ്ഥാനങ്ങളും വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നു. എന്നിട്ടും രോഗികളുടെ എണ്ണം കുറയാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. അലബാമ, അരിസോണ, അര്‍ക്കന്‍സാസ്, കാലിഫോര്‍ണിയ, ഫ്‌ലോറിഡ, ജോര്‍ജിയ, ഐഡഹോ, അയോവ, കന്‍സാസ്, ലൂസിയാന, മിസിസിപ്പി, നെവാഡ, നോര്‍ത്ത് കരോലിന, ഒക്ലഹോമ, സൗത്ത് കരോലിന, ടെന്നസി, ടെക്‌സസ്, യൂട്ട എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം രാജ്യത്തിന്റെ മൂന്നിലൊന്നില്‍ കൂടുതലാണ്. ടെകസസിലെ രോഗികളുടെ കാര്യത്തിലും വലിയ മുന്നേറ്റമാണ് കാണുന്നത്. മലയാളികള്‍ അധികവും താമസിക്കുന്ന ഹ്യൂസ്റ്റണ്‍ പ്രാന്തപ്രദേശങ്ങളില്‍ കൊറോണ കേസുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മിക്കവരും സുരക്ഷിതരാണ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നു കാലിഫോര്‍ണിയയില്‍, ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പുതിയ കോവിഡ് നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഇതു പ്രകാരം, അടുത്ത മാസം സ്‌കൂള്‍ ആരംഭിക്കുമ്പോള്‍ വിദൂരവിദ്യാഭ്യാസത്തിനായി സംസ്ഥാനത്തെ പല കൗണ്ടികളെയും നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ പങ്കെടുക്കുമ്പോള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബിസിനസുകള്‍ വീണ്ടും തുറക്കാനുള്ള പദ്ധതികള്‍ക്കു സംസ്ഥാനം വന്‍തോതില്‍ റോള്‍ബാക്കും പ്രഖ്യാപിച്ചു. കാലിഫോര്‍ണിയയില്‍ വെള്ളിയാഴ്ച 10,100 ല്‍ അധികം കേസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റെക്കോഡാണ്.

ഫ്‌ലോറിഡയില്‍ വെള്ളിയാഴ്ച 11,400 കേസുകളും 125 ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ചില പ്രദേശങ്ങള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മിക്കയിടത്തും ആശുപത്രികള്‍ പൂര്‍ണ്ണ ശേഷിയിലെത്തി. വെള്ളിയാഴ്ച തൊട്ട് രാത്രി 11 മുതല്‍ രാവിലെ 5 വരെ ബ്രോവാര്‍ഡ് കൗണ്ടി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മിയാമി ബീച്ച് നഗരത്തിലും മിയാമി ഡേഡ് കൗണ്ടിയിലും കര്‍ഫ്യൂ ഉണ്ട്. ജൂണ്‍ 24 ന് ശേഷം യുഎസ് ദൈനംദിന കേസുകളുടെ റെക്കോര്‍ഡ് ഇരട്ടിയായി. 37,014 കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിടത്ത് ഇപ്പോഴത് എഴുപതിനായിരം കവിയുന്നു. ദിവസേനയുള്ള വൈറസ് മരണങ്ങള്‍ കഴിഞ്ഞയാഴ്ച വരെ കുറഞ്ഞെങ്കിലും ഇപ്പോള്‍ അവ വീണ്ടും ഉയരാന്‍ തുടങ്ങി.

ജോര്‍ജിയയിലുടനീളം കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക്കനായ ജോര്‍ജിയയിലെ ഗവര്‍ണര്‍ ബ്രയാന്‍ കെമ്പ് എല്ലാവരും മുഖംമൂടികള്‍ ധരിക്കണമെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. അലബാമയിലും അര്‍ക്കന്‍സാസിലും മാസ്‌ക് മാന്‍ഡേറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, റിപ്പബ്ലിക്കന്‍ അംഗങ്ങളായ ആ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ ഈ ആഴ്ച പുതിയ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. രാജ്യത്തെ പകുതിയിലധികം പേര്‍ക്കും ഇപ്പോള്‍ മാസ്‌ക് ആവശ്യകതയുണ്ട്. എന്നാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത് മാസ്‌ക്ക് ധരിക്കുന്ന കാര്യത്തില്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്നാണ്. വ്യക്തിസ്വാതന്ത്ര്യമാണ് വലുത്. അക്കാര്യത്തില്‍ രാജ്യത്തിന്റെ നിലപാടില്‍ കൊറോണ മുന്‍കരുതലിന്റെ കാര്യത്തിലും മാറ്റമില്ല.

അതേസമയം, കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പ്രസിഡന്റ് ട്രംപും ലോകമെമ്പാടുമുള്ള നേതാക്കളും മിക്കവാറും എല്ലാ ദിവസവും പറയുന്നു. എന്നാല്‍ അത് എപ്പോള്‍ ലഭിക്കുമെന്നു പറയാന്‍ ആര്‍ക്കും കഴിയുന്നില്ലെന്നതാണ് പ്രശ്‌ന. കൊറോണ വൈറസ് വാക്‌സിന്‍ ഉടന്‍ ലഭിക്കില്ലെന്ന് ധാരാളം ആളുകള്‍ അഭിപ്രായപ്പെട്ടു. പകര്‍ച്ചവ്യാധിയെ തുടര്‍ന്നു രാജ്യം അടച്ചുപൂട്ടാനുള്ള സാധ്യത അപകടത്തിലാകാം. അതു കൊണ്ടു തന്നെ വാക്‌സിനുകളുടെ കാര്യത്തിലുള്ള അവിശ്വാസം അമേരിക്കയില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പലരും വാക്‌സിന്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ വേണ്ടെന്ന അഭിപ്രായക്കാരാണ്. മെയ് മാസത്തില്‍ അസോസിയേറ്റഡ് പ്രസ് എന്‍ആര്‍സി സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്‌സ് റിസര്‍ച്ച് നടത്തിയ സര്‍വേയില്‍ പകുതിയും അമേരിക്കക്കാര്‍ മാത്രമാണ് കൊറോണ വൈറസ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞത്. അഞ്ചില്‍ ഒരാള്‍ നിരസിക്കുമെന്ന് പറഞ്ഞു, 31 ശതമാനം തീരുമാനമെടുത്തിട്ടില്ലത്രേ. ഇത് ഫെഡറല്‍ സര്‍ക്കാരിനു വലിയ തിരിച്ചടിയായേക്കുമെന്നാണ് സൂചന. ഇതാദ്യമായാണ് ലോകത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് ഇത്തരമൊരു സര്‍വ്വേ ഏതെങ്കിലുമൊരു രാജ്യത്ത് നടത്തുന്നത്.