ഡല്‍ഹി: ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിക്കു കീഴില്‍ എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളുടെ തടസ്സമില്ലാത്ത വിതരണം രാജ്യത്തെ 20 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിലവില്‍ വന്നതായി കേന്ദ്ര സര്‍ക്കാര്‍. അടുത്തവര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി വ്യാപിപ്പിക്കുകയാണു ലക്ഷ്യമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

നാല് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അന്തര്‍സംസ്ഥാന റേഷന്‍കാര്‍ഡ് പോര്‍ട്ടബിലിറ്റി സംവിധാനം എന്ന രീതിയിലാണ് 2019 ആഗസ്റ്റില്‍ പദ്ധതിക്കു തുടക്കമായത്.

2020 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 20 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി. ആന്ധ്രപ്രദേശ്, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, സിക്കിം, മിസോറം, തെലങ്കാന, കേരളം, പഞ്ചാബ്, ത്രിപുര, ബിഹാര്‍, ഗോവ, ഹിമാചല്‍പ്രദേശ്, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണു നിലവില്‍ സൗകര്യമുള്ളത്.