അഹമ്മദാബാദ്: ആശുപത്രിയില്‍വെച്ച്‌ നവജാതശിശുവിനെ മാറിപ്പോയെന്ന പരാതിയുമായി മാതാപിതാക്കള്‍. പ്രസവശേഷം നഴ്‌സ് ആണ്‍കുഞ്ഞിനെ പ്രസവിച്ചുവെന്ന് പറഞ്ഞെങ്കിലും ഡോക്ടര്‍ അമ്മയ്ക്ക് കൈമാറിയത് പെണ്‍കുട്ടിയെണെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇതോടെ പെണ്‍കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. അഹമ്മദാബാദിലെ സോള സിവില്‍ ആശുപത്രിയിലാണ് സംഭവം.

പ്രസവത്തിനായി യുവതിയെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയന്‍ നടത്തി. അപ്പോള്‍ നഴ്സ് പറഞ്ഞത് ആണ്‍കുഞ്ഞാണെന്നായിരുന്നു. എന്നാല്‍ കുറച്ചു സമയത്തിനുശേഷം പെണ്‍കുഞ്ഞിനെയാണ് ലേബര്‍ റൂമിന് പുറത്തു കാത്തുനിന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. ഇതോടെയാണ് യുവതിയും ഭര്‍ത്താവും ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇതില്‍ നടപടിയെടുക്കാന്‍ ആശുപത്രിക്കാര്‍ തയ്യാറായില്ല. അതിനാല്‍ ഇരുവരും ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞുങ്ങളെ മാറിപ്പോയിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയത്ത് മറ്റു പ്രസവങ്ങളൊന്നുമില്ലായിരുന്നു അതുകൊണ്ടുതന്നെ കുഞ്ഞിനെ മാറിപ്പോകാന്‍ സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. നഴ്സിന് സംഭവിച്ച പിഴവാണിതെന്നും അവര്‍ പറഞ്ഞു.