ബോളിവുഡ് താരം രണ്‍ബീര്‍ കപൂറുമായുള്ള അമ്ബരപ്പിക്കുന്ന മുഖസാദൃശ്യത്തിലൂടെ പ്രശസ്തി നേടിയ മോഡല്‍ ജുനൈദ് ഷാ (28) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കശ്മീര്‍ സ്വദേശിയായ ജുനൈദിന്‍റെ മരണം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ജുനൈദിന്‍റെ ഒരു ഫോട്ടോ വൈറലാകുന്നത്. ഒറ്റനോട്ടത്തില്‍ രണ്‍ബീര്‍ കപൂര്‍ തന്നെയെന്ന് തോന്നിക്കുന്ന ഈ ചിത്രം രണ്‍ബീറിന്‍റെ പിതാവ് റിഷി കപൂറിനെ പോലും ഞെട്ടിച്ചിരുന്നു. ‘എന്‍റെ മകന് ഒരു ഡബിള്‍’ എന്ന പേരില്‍ റിഷി കപൂര്‍ തന്നെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ ജുനൈദ് മോഡലിംഗ് രംഗത്തേക്ക് കടന്നു. എംബിഎ പൂര്‍ത്തിയാക്കിയ ശേഷം മുംബൈയില്‍ ഒരു ആക്ടിംഗ് സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലുണ്ടായിരുന്ന യുവാവ് സുഖമില്ലാത്ത അച്ഛനെ പരിചരിക്കുന്നതിനാായാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ മരണമെത്തുന്നത്. കശ്മീരി മാധ്യമ പ്രവര്‍ത്തകനായ നിസാര്‍ അഹമ്മദ് ഷായാണ് മരണവിവരം പുറത്ത് വിട്ടത്.

സോഷ്യല്‍ മീഡിയയിലും ആയിരക്കണക്കിന് ഫോളോവേഴ്സുള്ള ജുനൈദിന്‍റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.