ഹൈദരാബാദ്: കൊറോണ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിന്റെ ആദ്യഘട്ടം ഭാരത് ബയോടെക് പൂര്‍ത്തിയാക്കി. കൊവാക്‌സിന്‍ എന്ന പേരില്‍ നിര്‍മ്മിച്ചിരിക്കുന്ന വാക്‌സിന്‍ സന്നദ്ധപ്രവര്‍ത്തകരിലാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. ആകെ 375 പേര്‍ക്കാണ് പരീക്ഷണം നടത്തിയതെന്ന് കമ്ബനി അറിയിച്ചു. രാജ്യത്തെ വിവിധ മേഖലകളിലുള്ള സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുത്താണ് പരീക്ഷണം നടത്തിയത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ കൊറോണ പ്രതിരോധ വാക്‌സിനാണ് ‘കൊവാക്‌സിന്‍’. ഫേസ്-1 ക്ലിനിക്കല്‍ ട്രയലാണ് നിലവില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ജൂലൈ-15ന് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായെന്നാണ് കമ്ബനിയുടെ വിശദീകരണം. സന്നദ്ധപ്രവര്‍ത്തകരെ വിവിധ മേഖലകളില്‍ നിന്നും തരംതിരിച്ച്‌ പ്രായം, ആരോഗ്യം മറ്റ് രോഗാവസ്ഥ എന്നിവ പരിശോധിച്ചാണ് ‘കൊവാക്‌സിന്‍’ പരീക്ഷണം നടത്തിയത്.

ഡബിള്‍ ബ്ലൈന്‍ഡ് എന്ന പരീക്ഷണ നിയന്ത്രണ രീതിയാണ് വാക്‌സിനേഷനായി പ്രയോഗിച്ചിരിക്കുന്നത്. ഈ രീതിയുടെ പ്രത്യേകത, വാക്‌സിന്‍ നല്‍കപ്പെട്ട ആളാരെന്നോ, ചികിത്സ ലഭിക്കുന്നത് ആര്‍ക്കാണെന്നോ ഗവേഷകര്‍ക്കോ രോഗിക്കോ വിവരം നല്‍കില്ലെന്നതാണ്. നിലവില്‍ ഇന്ത്യയിലെ കൊറോണ പ്രതിരോധ ഗവേഷണത്തിനായി രണ്ടു വാക്‌സിനുകളാണ് വികസിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് ഒരെണ്ണം തയ്യാറാക്കിയത്. മറ്റൊന്ന് സൈഡസ് കാഡില ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡുമാണ് വികസിപ്പിച്ചിരിക്കുന്നത്.