കൊല്ലം: കോവിഡ്-19 നിയന്ത്രണാതീതമായ സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ 93 മത്സ്യ ചന്തകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പരവൂര്‍ മുതല്‍ അഴിക്കല്‍ വരെനീളുന്ന തീരപ്രദേശത്തെ അഞ്ച് മത്സ്യ ബന്ധന ഗ്രാമങ്ങളിലായുള്ള 93 ചന്തകളാണ് അടയ്ക്കുന്നത്. ഇവയെല്ലാം കഴിഞ്ഞ ഒരാഴ്‍ചയായി അടഞ്ഞ് കിടക്കുയാണ്. ഇനിഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരും. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മത്സ്യം എത്തിച്ച്‌ വില്‍പന നടത്തുന്നതും ജില്ലയില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും.

തൊഴില്‍ നഷ്ടപ്പെട്ട പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാര്‍ വക സഹായധനം നല്‍കും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് സഹായധനത്തിന്‍റെ ആദ്യഗഡു ആയ 1500 രൂപാവീതം നല്‍കിത്തുടങ്ങി. കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച മാത്രം 47 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മത്സ്യബന്ധനത്തിന് പോകുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിടുണ്ട്. ചിലനിബന്ധനകളോടെ മത്സ്യ ബന്ധനത്തിന് അനുമതി നല്‍കാന്‍ ജില്ലാഭരണകൂടത്തിന് ആലോചന ഉണ്ടായിരുന്നു. എന്നാല്‍ രോഗവ്യാപനത്തിന്‍റെ തോത് ഉയരാന്‍ തുടങ്ങിയതോടെ അനുമതിനല്‍കണ്ടാ എന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മത്സ്യത്തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ തുടങ്ങിയതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ട് പോകുന്നത്.

അതേസമയം, തിരുവനന്തപുരം ജില്ലയോട് ചേര്‍ന്ന തീരപ്രദേശങ്ങളില്‍ ഇന്നുമുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചു. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതല്‍ ഊരമ്ബു വരെ മൂന്നാമത്തെ സോണുമാണ്.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഈ സംവിധാനത്തിന്‍റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം രൂപീകരിക്കും. ആരോഗ്യം, പൊലീസ്, കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുക. എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും.

എന്നാല്‍, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറകള്‍ തുറന്നു പ്രവര്‍ത്തിക്കും. മത്സ്യബന്ധനം സംബന്ധിച്ച്‌ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്റ് നടപടി സ്വീകരിക്കും. പൂന്തുറയിലെ പാല്‍ സംസ്കരണ യൂണിറ്റ് പ്രവര്‍ത്തിക്കും. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പ്രത്യേകമായി പ്രഖ്യാപിക്കും.