മുറിവേറ്റു വീണതാണെങ്കിലും ഇന്നും-
പ്രതീക്ഷതൻ നാമ്പൊന്നു മുളപൊട്ടിടുന്നു
നീ അന്നു പാകിയ വിത്തുകളോരോന്നും
മഴയിൽ നനഞ്ഞു മുളയ്ക്കാൻ വിതുമ്പുന്നു

പൂഞ്ചിരിപ്പൂവൊന്നു തന്നൂ വെയിൽ നാളം-
ഏറ്റു വാങ്ങിപ്പൂ എന്നിളം മുകുളങ്ങൾ
വീണ്ടും ജീവനുയിർത്തെഴുന്നേൽപൂ
ഭുമിക്കു പ്രണയ സമ്മാനമായ് എന്നിൽ

മഴുതിന്ന തായ്ത്തടിച്ചുവട്ടിലുയിർത്തു ഞാൻ
മാമരമായ് മണ്ണിലാഴ്ന്നിറങ്ങുമെൻ വേരുകൾ
മണ്ണിന്നനുരാഗിയായി പുണർണ്ണതിൻ-
ലാളനമേറ്റുണരും പടരുമെൻ ശാഖികൾ

വീണ്ടും പ്രതീക്ഷതൻ മൊട്ടുകളെന്നിൽ വിടരാൻ-
വെമ്പുമെന്നിലെ ആത്മഹർങ്ങളെ തൊട്ടുണർത്തീടും
നിൻ നീൾമിഴിയിലെ സാന്ത്വനമെന്നിൽ കരുത്തായിടും
എൻ പ്രതീക്ഷതൻ മൊട്ടുകൾ പൂവായിടും വീണ്ടും

നിൻ പ്രണയാഗ്നി മഴയായ് പൊഴിയുമ്പോഴെ-
ന്നിലെ മോഹമാം ചില്ലകൾ പൂവണിയും
ഉള്ളിൽ കുറുകുന്ന ജീവന്റെ നാമ്പുകൾ
വീണ്ടും പ്രതീക്ഷകൾ കാത്തുവയ്ക്കും