കൊവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞത് ലോകത്തിന്റെ സാമ്ബത്തികസ്ഥിതി മാത്രമല്ല, ഒരു പാട് ജീവിതങ്ങളുടെ പ്രതീക്ഷ കൂടിയാണ്. ലോകമെമ്ബാടുമുള്ള 55.5 കോടി ജനങ്ങളുടെയും ഉന്നത വിദ്യാഭ്യാസരംഗത്തെ 20 കോടി വിദ്യാര്‍ത്ഥികളുടെയും ജീവിതത്തെ മഹാമാരി ബാധിച്ചു.

ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് മേയ് തുടക്കത്തില്‍ 27.1 ശതമാനത്തിലെത്തിയിരുന്നു. മാര്‍ച്ച്‌ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ 12.2 കോടി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ‘കോഴ്‌സറ-ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ’ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

3.75 കോടി വിദ്യാര്‍ത്ഥികള്‍ ക്യാമ്ബസിന് പുറത്തായതിനാല്‍ നൈപുണ്യ കോഴ്‌സുകള്‍ പഠിച്ച്‌ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തൊഴിലവസരങ്ങളും സമ്ബദ് വ്യവസ്ഥയും പുനരുജ്ജീവിപ്പിക്കുന്നതിന് സ്ഥാപനങ്ങള്‍ നൈപുണ്യ വികസനത്തിന് വഴിയൊരുക്കണമെന്നും അതുവഴി ജനങ്ങള്‍ക്ക് തൊഴിലിലേക്ക് മടങ്ങിയെത്താനാകുമെന്നും കോഴ്‌സെറ വ്യക്തമാക്കുന്നു. ബിസിനസ്, ടെക്‌നോളജി, ഡാറ്റാ സയന്‍സ് സ്‌കില്ലുകള്‍ മറ്റു മേഖലകളേക്കാള്‍ നിര്‍ണായകമാകുമെന്നും ലോകമെമ്ബാടും ഇതേ പ്രവണതയാണുള്ളതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

ഡാറ്റാ സ്‌കില്ലുകളുടെ അഭാവത്തില്‍ ഇന്ത്യക്ക് പ്രതിവര്‍ഷം നഷ്ടമാകുന്നത് മുപ്പതിനായിരം കോടിയിലധികം രൂപ

ഡാറ്റാ നൈപുണ്യമാണ് ഇന്ത്യ ഏറെ പിന്നിലായ പ്രധാന മേഖല. ‘അസെഞ്ചര്‍, ക്ലിക്ക്’ എന്നിവയുടെ റിപ്പോര്‍ട്ട് പ്രകാരം ഡേറ്റാ സ്‌കില്ലുകളുടെ അഭാവത്തില്‍ ഇന്ത്യന്‍ കമ്ബനികള്‍ക്ക് പ്രതിവര്‍ഷം മുപ്പതിനായിരം കോടിയിലധികം (332 ബില്ല്യണ്‍) രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.

ഡേറ്റാ സയന്‍സ് സ്‌കില്ലുകളില്‍ പ്രത്യേകിച്ചും ഡേറ്റാ മാനേജ്‌മെന്റില്‍ ഇന്ത്യ പിന്നിലാണ്. ഡേറ്റാ സയന്‍സ് ഡൊമെയ്‌നില്‍ പിന്നിലുള്ള രാജ്യങ്ങളില്‍ ഇന്ത്യ ആഗോളതലത്തില്‍ 51-ാമതാണ്. ഡേറ്റാ മാനേജ്‌മെന്റ് കാര്യക്ഷമതയില്‍ ഇന്ത്യ 58-ാമതാണെന്നും നൈജീരിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളെക്കാള്‍ അല്പം മെച്ചപ്പെട്ട നിലയില്‍ മാത്രമാണ് ഇന്ത്യയെന്നും ‘കോഴ്‌സെറ’ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വ്യക്തിഗത വികസന കഴിവുകളായ ആത്മവിശ്വാസം, സ്‌ട്രെസ് മാനേജ്‌മെന്റ്, ശ്രദ്ധ (മൈന്‍ഡ്ഫുള്‍നെസ്) എന്നിവയില്‍ വ്യക്തിഗത പഠിതാക്കള്‍ക്കിടയില്‍ 1200 ശതമാനം വര്‍ധിച്ചതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിസിനസ് ടെക്‌നോളജിയില്‍ ഇന്ത്യ മുന്നില്‍

എന്നാല്‍, ബിസിനസ് ടെക്‌നോളജിയില്‍ ഇന്ത്യ മുന്നിലാണെന്ന് കോഴ്‌സെറ വ്യക്തമാക്കുന്നു. ഈ മേഖലയില്‍ ചൈനയേക്കാളും ഇന്ത്യ ഏറെ മുന്നിലാണ്. ബിസിനസ് ഡൊമെയ്‌നില്‍ വളര്‍ന്നുവരുന്ന വിഭാഗത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ 34-ാമതാണ്. ചൈന 45-ാമതും. ടെക്‌നോളജി ഡൊമെയ്‌നിലെ വളര്‍ന്നുവരുന്ന വിഭാഗത്തില്‍ ഇന്ത്യ 40-ാമതും ചൈന 50-ാമതുമാണ്.

ഏഷ്യാ-പസഫിക് (എപിഎസി) മേഖലആഗോളതലത്തില്‍ ഡേറ്റാ സയന്‍സ് സ്‌കില്ലില്‍ വളര്‍ന്നുവരുന്നതായും കോഴ്‌സെറ ചൂണ്ടിക്കാണിക്കുന്നു. എപിഎസിയിലെ 16 രാജ്യങ്ങളില്‍ പന്ത്രണ്ടും ഡേറ്റാ സയന്‍സില്‍ വ്യക്തമായ ഫലം (ഉയര്‍ച്ചയും താഴ്ചയും) കാണിക്കുന്നു. എന്നാല്‍ നാല് രാജ്യങ്ങള്‍ ഡേറ്റാ സയന്‍സില്‍ മത്സര നൈപുണ്യം (competitive skills) പ്രകടമാക്കുന്നു. ഹോങ്കോംഗ് (75 ശതമാനം), സിങ്കപ്പൂര്‍ (73 ശതമാനം), ന്യൂസീലാന്‍ഡ് (59 ശതമാനം), ഓസ്‌ട്രേലിയ (54 ശതമാനം) എന്നിവയാണ് ആ രാജ്യങ്ങളെന്ന് കോഴ്‌സെറയുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.