ന്യൂഡല്‍ഹി:ലോക രാജ്യങ്ങളെ പിടിച്ചു കുലുക്കിയ കൊവിഡ് വൈറസിനുളള പ്രതിരോധ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച്‌ ഭാരത് ബയോടെക്. കോവാക്സിന്‍ എന്ന മരുന്നാണ് പരീക്ഷിച്ചത്. മനുഷ്യരിലുളള കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന് സന്നദ്ധപ്രവര്‍ത്തകരിലാണ് പരീക്ഷണം നടത്തിയത്. റോഹ്താക്കിലെ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. മൂന്ന് പേര്‍ക്കും യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.ശരിയായ കരള്‍ പ്രവര്‍ത്തനവും അണുബാധയുടെ അഭാവവും ഉറപ്പുവരുത്തി പൂര്‍ണ്ണ ആരോഗ്യപരിശോധനയ്ക്ക് ശേഷമാണ് മൂന്ന് സന്നദ്ധപ്രവര്‍ത്തകര്‍ക്കും വാക്സിന് നല്‍കിയത്. പരീക്ഷണത്തിന് ശേഷം പുറത്തിറക്കുന്നതിന് മുമ്ബ് സന്നദ്ധപ്രവര്‍ത്തകരെ രണ്ട് മണിക്കൂര്‍ നിരീക്ഷിച്ചുവെന്നും മരുന്നിന്റെ പ്രവര്‍ത്തനം മൂലം അലര്‍ജി ഉണ്ടാകാതിരിക്കാനുളള നടപടി സ്വീകരിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. അടുത്ത 24 മുതല്‍ 48 മണിക്കൂര്‍ വരെ ഇവരെ നിരീക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡോ. രാകേഷ് വര്‍മ്മയാണ് വാക്സിനേഷന്‍ ചുമതല വഹിക്കുന്നത്.

മൃഗങ്ങളില്‍ വിജയകരമായി പരീക്ഷണം നടത്തിയെന്നും മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യ ഘട്ടമാണ് നടന്നതെന്നും ഡോ.ചൗധരി വ്യക്തമാക്കി.ഈ പ്രക്രിയയ്ക്ക് ആറുമാസമെടുക്കുമെന്നും വാക്സിന്റെ സുരക്ഷയെക്കുറിച്ചും ഉത്പാദിപ്പിക്കുന്ന ആന്റി ബോഡികളെക്കുറിച്ചുമുളള അന്തിമ വിലയിരുത്തല്‍ സുരക്ഷാ ബോര്‍ഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.