തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം. ഇനി മുതല്‍ എല്ലാ ശനിയാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. നിലവില്‍ ബാങ്കുകളില്‍ രണ്ടാമത്തേയും, നാലാമത്തെയും ശനിയാഴ്ചകളിലായിരുന്നു അവധി. ഇതിന് പുറമെയാണ് എല്ലാ ശനിയാഴ്ചകളിലും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. അതേസമയം പ്രവര്‍ത്തി ദിവസങ്ങളില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ബാങ്കുകളിലെയും, ജീവനക്കാരുടെയും, ബാങ്കില്‍ എത്തുന്നവരുടെയും സുരക്ഷാ അതാത് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പാക്കണമെന്നും വിശ്വാസ് മേത്ത പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.