മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യര്‍ഥിച്ച്‌ സുശാന്തിന്‍റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി നേരത്തേ രംഗത്തെത്തിയിരുന്നു.

സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസ് അന്വേഷിക്കാന്‍ മുംബൈ പൊലീസിന് പ്രാപ്തിയുണ്ട്. സി.ബി.ഐയുടെ അന്വേഷണത്തിന് യാതൊരു സാധ്യതയും ഇല്ല. ബിസിനസ് സംബന്ധിച്ചുള്ള വൈരാഗ്യത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റിയ ചക്രവര്‍ത്തി രംഗത്തെത്തിയത്. സുശാന്തിന്‍റെ പൊടുന്നനെയുള്ള വിയോഗം സംഭവിച്ചിട്ട് ഒരു മാസം പിന്നിടുന്നുവെന്നും അദ്ദേഹത്തെ ഈ വഴി സ്വീകരിക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തിയത് എന്താണെന്ന് തനിക്കറിയണമെന്നും റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ അമിത് ഷായെ ടാഗ് ചെയ്‍തുകൊണ്ടാണ് കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യവും റിയ മുന്നോട്ടുവച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 14നായിരുന്നു സുശാന്ത് മുംബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്തത്.