സ്‌പെയിന്‍| സ്‌പെയിനില്‍ നീര്‍നായകള്‍ക്ക് വ്യാപകമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ സാഹചര്യത്തില്‍ ഒരു ലക്ഷം നീര്‍നായകളെ കൊന്നൊടുക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. സ്‌പെയിനിലെ ഒരു ഫാമിലെ നീര്‍നായകള്‍ക്ക് നേരത്തേ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കു-കിഴക്കന്‍ മേഖലയിലെ ഫാമിലാണ് നീര്‍നായകളെ കൂട്ടമായി കൊന്നൊടുക്കുന്നത്.

ഫാമിലെ ഒരു ജീവനക്കാരില്‍ നിന്ന് വൈറസ് നീര്‍നായകളിലേക്ക് പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. നേരത്തേ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നെതരലാന്‍ഡില്‍ ഫാമുകളിലെ പതിനായിരത്തിലേറെ നീര്‍നായകളെ കൂട്ടമായി കൊന്നൊടുക്കിയിരുന്നു. നെതര്‍ലന്‍ഡിലെ 20 ഓളം ഫാമുകളില്‍ കൊറോണ വൈറസ് വ്യാപനം നടന്നതായാണ് സൂചന.

പൂച്ച, കടുവ,കീരി, കുരങ്ങ് എന്നിവക്ക് കൊറോണ വൈറസ് വ്യാപനം നടക്കാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇവയില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പടരുമെന്നതിനാല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രോമത്തിനായി വളര്‍ത്തുന്ന പ്രത്യേകതരം നീര്‍നായകളാണിവ.