നടന്‍ ജോണി ആന്റണിയുടെ ജന്മദിനമാണിന്ന്. പിറന്നാള്‍ ദിനത്തില്‍ താരത്തിന് സുരേഷ് ഗോപി നല്‍കിയ അപ്രതീക്ഷിത സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ലവ് യൂ ഡോക്ടര്‍ ജോണീ’ എന്നെഴുതിയ ഒരു കേക്കാണ് സര്‍പ്രൈസായി സുരേഷ് ഗോപി നടന്റെ വീട്ടിലേക്ക് അയച്ചിരിക്കുന്നത്.

ജോണി ആന്റണി തന്നെയാണ് കേക്കിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്തുവച്ച്‌ സുരേഷ് ഗോപിയെ കണ്ടിരുന്നെന്നും, സംസാരത്തിനിടയില്‍ നാളെ പിറന്നാളാണെന്ന് താന്‍ സുരേഷേട്ടനോട് പറഞ്ഞിരുന്നെന്നും ജോണി പറയുന്നു. കുടുംബത്തോടൊപ്പമാണ് കേക്ക് മുറിച്ചതെന്നും താരം വ്യക്തമാക്കി.

അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ മേജറിന്റെയും ഡോക്ടറുടെയും റോളുകളിലായിരുന്നു സുരേഷ് ഗോപിയും ജോണി ആന്റണിയും പ്രത്യക്ഷപ്പെട്ടത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.