ലണ്ടന്‍: കോവിഡ് വാക്‌സിന്‍ പരീക്ഷണ വിവരങ്ങള്‍ റഷ്യ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങള്‍. കൊറോണ വാക്‌സിന്‍ വികസനത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കുനേരെയാണ് എപിടി29 എന്ന ഹാക്കിങ് ഗ്രൂപ്പിന്റെ ആക്രമണം ഉണ്ടായതായാണ് ഈ രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കായി പ്രവര്‍ത്തിക്കുന്ന സംഘമാണിതെന്നും ഇവര്‍ ആരോപിക്കുന്നു.

കാനഡ-യുഎസ് അധികൃതരെ ഏകോപിപ്പിച്ച്‌ ബ്രിട്ടീഷ് സൈബര്‍ സുരക്ഷാ കേന്ദ്രമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഇറക്കിയത്. ഏതെങ്കിലും വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തയില്ലെങ്കിലും വ്യക്തികളുടെ വിവരങ്ങള്‍ അപഹരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് സൈബര്‍ സെക്യൂരിറ്റി സെന്റര്‍ വ്യക്തമാക്കുന്നു. ഭൗതിക സ്വത്തവകാശം മോഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.