കേരളത്തില്‍ ഉള്‍പ്പെടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉയര്‍ന്ന തോത് രേഖപ്പെടുത്തുന്നതിനിടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു. വ്യാഴാഴ്ചയുള്‍പ്പെട്ടെ പ്രതിദിന രോഗ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി മുന്ന് ദിവസം 35000 പിന്നിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചില സംസ്ഥാന സര്‍ക്കാരുകള്‍ പുറത്ത് വിട്ട കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് വെള്ളിയാഴ്ച കോവിഡ് രോഗികളുടെ എണ്ണം 10,04,000 എന്ന സംഖ്യ പിന്നിടും. നിരവധി സംസ്ഥാനങ്ങള്‍ പ്രതിദിന കണക്ക് പുറത്ത് വിടുന്നതിന് മുന്‍പുള്ള സംഖ്യയാണിതെന്നതും ശ്രദ്ധേയമാണ്.

ലോകത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ,ബ്രസീല്‍, യുഎസ് എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. എന്നാല്‍ അഞ്ച് ലക്ഷത്തില്‍ നിന്നും പത്ത് ലക്ഷത്തിലേക്ക് എത്താന്‍ ഇന്ത്യയെടുത്തത് വെറും 20 ദിവസങ്ങള്‍ മാത്രമാണെന്നതാണ് മറ്റൊരു പ്രത്യേകത.

അതേസമയം, ബ്രസീല്‍ യുഎസ് എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുന്നാം സ്ഥാനത്തുള്ള ഇന്ത്യയെ അപേക്ഷിച്ച്‌ വളരെ ഉയര്‍ന്നതാണെന്നതാണ് മറ്റൊരു പ്രത്യേകത. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച്‌ 34 ലക്ഷം രോഗികളാണ് യുഎസിലുള്ളത്. ബ്രസീലില്‍ 19 ലക്ഷം പിന്നിടുകയും ചെയ്തു.

പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിലും യുഎസ്‌എയും ബ്രസീലും ഇന്ത്യക്ക് ഏറെ മുന്നിലാണ്. രാജ്യത്ത് രോഗികളുടെ എണ്ണം മുപ്പതിനായിരം എന്ന നിലയിലാണെന്നിരിക്കെ ബ്രസീല്‍ ഇത് നാല്‍പതിനായിരവും യുഎസ്‌എയില്‍ 50,000 ത്തിനും പുറത്താണ്. മരണസംഖ്യയിലും ഈ വ്യത്യാം പ്രകടമാണ്. 57,700 പേരാണ് ഇതുവരെ യുഎസില്‍ മരിച്ചത്. ബ്രസീലിലും മരണ സംഖ്യ അമ്ബതിനായിരത്തിന് മുകളില്‍ ആണ്. ഇന്ത്യയില്‍ നിലവില്‍ മരണ സംഖ്യ 25000 പിന്നിട്ടിട്ടുണ്ട്.

കണക്കുകള്‍ പ്രകാരം ലോകത്താകമാനം ഒരു കോടി മുപ്പത്തിയേഴ് ലക്ഷം പേര്‍ക്ക് ഇതുവരെ കോവിഡ് പിടിപെട്ടിട്ടുണ്ട്. 5,80,000 പേരാണ് ഇതുവരെ മരിച്ചത്.