തിരുവനന്തപുരം: ആളുകള്‍ കടയില്‍ പോയി സാധനം വാങ്ങുന്നതിനൊപ്പം കൊറോണയും വാങ്ങുന്ന സ്ഥിതിയാണ് സംസ്ഥാനത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും ആരില്‍ നിന്ന് വേണമെങ്കിലും രോഗം പടരാം. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് 722 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരം കടന്നിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ ആകെ കൊവിഡ് കേസുകള്‍ 10,275 ആയി.രോഗം ബാധിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്ന് വന്നവരും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 62 പേരുമാണ് . 481 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഉറവിടം അറിയാത്ത 34 രോഗികളുണ്ട്. 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. ഇന്ന് 337 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. സമ്ബര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണി.ഇന്ന് 301 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. ഉറവിടമറിയാത്ത 16 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 91 പേര്‍ക്കാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. ഇതേ സ്ഥാപനത്തിലെ 81 സാമ്ബിളുകള്‍ ഇന്ന് പരിശോധിച്ചപ്പോള്‍ 17 പേര്‍ക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഗുരുതരമായ സാഹചര്യമാണ് തലസ്ഥാനത്ത് നിനനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇനിയും ഫലം വരാനുണ്ട്. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് വന്നുപോയത്. ഇവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവിടെ ജോലി ചെയ്യുന്നവര്‍ ഏറെയും തമിഴ്നാട്ടുകാരാണ്. അതുകൊണ്ട് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്. കൂടുതല്‍ തമിഴ്നാട്ടുകാര്‍ ജോലി ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളും ഉണ്ട് എന്നതും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിച്ചുണ്ട്.