സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ആരെയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല. സ്വര്‍ണ്ണക്കടത്ത് അന്വേഷണം അതിന്റെ വഴിക്ക് പോകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു രീതിയിലും ഭയക്കേണ്ട സാഹചര്യമില്ലെന്നും ജയരാജന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ശിവശങ്കറിനെ ഉടന്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തേക്കുമെന്ന വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് വ്യവസായ മന്ത്രിയും ഇദ്ദേഹത്തെ തള്ളി രംഗത്തെത്തിയത്. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. സമിതി ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. സ്ഥിതിഗതികളെ കുറിച്ച്‌ മുഖ്യമന്ത്രി സിപിഎം നേതാക്കളുമായും സിപിഐ മന്ത്രിമാരുമായും ചര്‍ച്ച നടത്തി.

സ്വ‍ര്‍ണ്ണക്കടത്ത് കേസിലെ പ്രതികളും ശിവശങ്കരനുമായുള്ള ബന്ധത്തിന്‍റെ പല തെളിവുകളും പുറത്തുവന്നിട്ടും ശിവശങ്കരനെതിരെ നടപടി വൈകുന്നത് വലിയ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ട് വരെട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.