ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളെ കുറിച്ച്‌ തുറന്നു പറഞ്ഞ് നടി റിയ ചക്രവര്‍ത്തി. റിയയും സുശാന്തും പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ഇക്കാര്യം നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ റിയ നിശബ്ദത പാലിക്കുകയായിരുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അഭിപ്രായങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച, ഒരു മാസം മുതല്‍ താന്‍ അഭിമുഖീകരിക്കുന്ന “ഭീഷണിയെയും ഉപദ്രവത്തെയും” കുറിച്ച്‌ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് റിയ. തനിക്കു നേരെ വളരെയധികം വിദ്വേഷം ഉണ്ടായിരിക്കുകയാണെന്നും കൊലപാതകി എന്ന പേര് പോലും കേള്‍ക്കേണ്ടി വന്നുവെന്നും റിയ പോസ്റ്റില്‍ പറയുന്നു. തന്നെ പീഡിപ്പിക്കുമെന്നും കൊല്ലുമെന്നുംവരെ ഭീഷണി ഉണ്ടായതായി റിയ വ്യക്തമാക്കുന്നു.

‘പണത്തിനും നേട്ടങ്ങള്‍ക്കും വേണ്ടി മാത്രമായി പുരുഷന്മാരുടെ കൂട്ടുകൂടുന്ന സ്ത്രീ എന്ന് വിളിച്ചു. ഞാന്‍ നിശബ്ദത പാലിച്ചു. കൊലപാതകി എന്ന് വിളിച്ചു. ഞാന്‍ മിണ്ടാതിരുന്നു. എന്നെ നാണം കെടുത്തി. അപ്പോഴും ഞാന്‍ മിണ്ടിയില്ല. പക്ഷെ എങ്ങനെയാണ് എന്റെ നിശബ്ദത ആത്മഹത്യ ചെയ്തില്ലെങ്കില്‍ എന്നെ പീഡിപ്പിക്കുമെന്നും കൊല്ലുമെന്നും പറയാനുള്ള അവകാശം നിങ്ങള്‍ക്ക് നല്‍കിയത്?- റിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.

മന്നു റൗത്ത് എന്ന അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം തനിക്ക് ലഭിച്ച ഭീഷണിയുടെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് റിയയുടെ പോസ്റ്റ്. എല്ലാം മതിയെന്നും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് സൈബര്‍ സെല്ലിനോട് അഭ്യര്‍ഥിക്കുന്നതായും റിയ.

സുശാന്തിനെ സാമ്ബത്തികമായും മാനസികമായും ചൂഷണം ചെയ്തെന്ന് കാട്ടി റിയയ്ക്കെതിരെ ബിഹാര്‍ കോടതിയില്‍ നേരത്തെ ഒരു പരാതിയും നല്‍കിയിട്ടുണ്ട്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം മുംബൈ പൊലീസ് റിയയെ ചോദ്യം ചെയ്തിരുന്നു.

സുശാന്തിന്റെ മരണത്തിന് ശേഷം ഒരു മാസം കഴിഞ്ഞ് സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് റിയ ഹൃദയ ഭേദകമായ പോസ്റ്റ് പങ്കുവെച്ചിരുന്നു.