ന്യൂഡല്‍ഹി:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടും കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ച്‌ വരികയാണ്. കൊറോണ വൈറസിന്റെ ഉറവിടമായ ചൈനയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചെങ്കിലും അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. സമ്ബര്‍ക്കത്തിലൂടെയുള്ള കേസുകള്‍ വര്‍ദ്ധിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുക്കുന്നുണ്ട്. ഇന്ത്യയിലടക്കം രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. കൊവിഡ് ബാധയുടെ ലക്ഷണങ്ങള്‍ സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ത്വക്കിലെ തടിപ്പും കൊവിഡിന്റെ ലക്ഷണങ്ങള്‍ ആകാമെന്ന കണ്ടെത്തലുകളും പുറത്തുവന്നു.

ലണ്ടന്‍ കിംഗ്സ് കോളേജിലെ ശാസ്ത്രജ്ഞന്മാരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കൊവിഡ് പോസിറ്റീവായ 8.8 ശതമാനം പേരിലും ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍.എച്ച്‌.എസ് അംഗീകരിച്ചിട്ടുള്ള കോവിഡ് ലക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇത് കൂടി ഉള്‍പ്പെടുത്തണമെന്ന് ശാസ്ത്രജ്ഞര്‍ സര്‍ക്കാരിനോടും അധികൃതരോടും ആവശ്യപ്പെട്ടു.കഴിഞ്ഞ മാര്‍ച്ചില്‍ ജേണല്‍ ഒഫ് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജിയില്‍ നടത്തിയ ഒരു പഠനത്തില്‍ ഒരു കൊവിഡ് -19 പോസിറ്റീവ് രോഗിക്ക് ചര്‍മ്മത്തില്‍ തടിപ്പ് രൂപപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഇത് ഡെങ്കിപ്പനിയുടെ ലക്ഷണമാകാമെന്നാണ് ആദ്യം കരുതിയതെന്നും പഠനം പറയുന്നു. ചര്‍മ്മത്തിലെ മാറ്റങ്ങള്‍ ശരിയായി തിരിച്ചറിയാന്‍ കഴിയാത്തതാണ് ഇതിന് കാരണമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

പല തരത്തിലാണ് ഇവ ശരീരത്തില്‍ പ്രത്യക്ഷപ്പെടുക. ചുവന്ന തടിപ്പ്, കറുത്ത പാടുകള്‍, ചിക്കന്‍ പോക്സിന് സമാനമായ പാടുകള്‍ എന്നിവ ശരീരത്തില്‍ പ്രത്യക്ഷപ്പെടാമെന്ന് ഇറ്റലിയിലെ ഡെര്‍മറ്റോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു. കൊവിഡിന്റെ ലക്ഷണങ്ങള്‍ പലവിധത്തിലുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പനി, തുടര്‍ച്ചയായ ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപ്പെടുന്നതും കൊവിഡിന്റെ ലക്ഷണമാണെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൊലിപ്പുറത്തെ തടിപ്പ് കൊവിഡിന്റെ ലക്ഷമാണെന്ന വിശദീകരണങ്ങളും പഠനങ്ങളും പുറത്തുവന്നത്. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.