ന്യൂഡല്‍ഹി: മന്ത്രി കെ.ടി ജലീലിന്റെ ഇടപടലില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്‌തി. മന്ത്രിയുടെ നടപടി അനുചിതമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. നയതന്ത്ര പ്രോട്ടോക്കോള്‍ മന്ത്രി പാലിച്ചില്ലെന്നും ധനസഹായം അഭ്യര്‍ത്ഥിക്കുന്നത് പ്രട്ടോക്കോള്‍ ലംഘനമാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം. നയതന്ത്ര ഉദ്യോഗസ്ഥരുമായി മന്ത്രി നടത്തിയ സംഭാഷണം അനുചിതമാണ്. ഇക്കാര്യത്തില്‍ മന്ത്രി കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മന്ത്രി കെ.ടി.ജലീലിനെ പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളതായി രേഖകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ റംസാന്‍ റിലീഫ് ഭക്ഷ്യകിറ്റുകള്‍ നല്‍കുന്ന പതിവുണ്ടെന്നും യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള കിറ്റുവിതരണം എല്ലാ വര്‍ഷവും നടക്കുന്നുണ്ടെന്നും അതിനുവേണ്ടിയാണ് സ്വപ്ന ബന്ധപ്പെട്ടതെന്നുമായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

ലോക്ക്‌ഡൗണ്‍ സമയമായതിനാല്‍ കിറ്റുവിതരണം നീണ്ടു. ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ വിളിക്കാനാണ് യു.എ.ഇ കോണ്‍സല്‍ ജനറല്‍ എനിക്ക് നിര്‍ദേശം നല്‍കിയത്. യു.എ.ഇ കോണ്‍സല്‍ ജനറല്‍ പറഞ്ഞതനുസരിച്ച്‌ മാത്രമാണ് സ്വപ്‌നയെ വിളിച്ചിട്ടുള്ളത്. ഔദ്യോഗികമായ കാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണിത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കയ്യിലുണ്ടെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം. കെ.ടി.ജലീലിനെ പിന്തുണച്ച്‌ മുഖ്യമന്ത്രിയും രംഗത്തെത്തിത്തിയിരുന്നു. സ്വപ്‌ന സുരേഷിനെ വിളിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.