സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോയ്ക്കെതിരെയും നടപടി. ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരനായിരുന്ന അരുണ്‍ ബാലചന്ദ്രനെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ച്‌ വിട്ടു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുറി ബുക്ക് ചെയ്യാന്‍ ശിവശങ്കറിന്‍റെ നിര്‍ദ്ദേശ പ്രകാരം സെക്രട്ടറിയേറ്റില്‍ നിന്ന് വിളിച്ചത് അരുണ്‍ ആണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരം ഫ്ലാറ്റ് താന്‍ ബുക്ക് ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രൻ ഇന്നലെയാണ് വെളിപ്പെടുത്തിയത്. ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രതികൾ സ്വർണക്കടത്തിനായി ഗൂഢാലോചന നടത്തിയെന്ന് കസ്റ്റംസും നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അരുണിനെ മുഖ്യമന്ത്രിയുടെ ഹൈപ്പവര്‍ ഡിജിറ്റല്‍ കമ്മിറ്റിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന നിലയിലാണ് അരുണ്‍ ബാലചന്ദ്രന്‍ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്. എന്നാല്‍ സ്പ്രിംഗ്ലര്‍ സമയത്ത് പുതിയ തസ്തികയില്‍ നിയമിക്കുകയായിരുന്നു. മെയ് 31 മുതൽ ആറ് ദിവസത്തേക്കാണ് ഫ്ലാറ്റ് ബുക്ക് ചെയ്യാൻ ശിവശങ്കർ അരുണിനോട് വാട്സ് ആപ്പ് വഴി നിർദേശിച്ചത്.

അതേസമയം ചോദ്യം ചെയ്യലിൽ ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാനായിട്ടില്ലെന്നാണ് കസ്റ്റംസ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. അറസ്റ്റിലായിട്ടുള്ളവരുടെ മൊഴി ഒത്തുനോക്കിയ ശേഷമെ ശിവശങ്കറിന് ഗൂഢാലോചനയിലും സ്വർണക്കടത്തിലും പങ്കുണ്ടോ ഇല്ലയോ എന്നതിൽ വ്യക്തത വരുത്താനാകുവെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ ഒന്നുകൂടി കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യത കാണുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി ശിവശങ്കറിന്‍റെ ഫോൺ കസ്റ്റംസ് വാങ്ങിയതായും റിപ്പോർട്ടുണ്ട്.

അതിനിടെ ശിവശങ്കർ ചെയർമാനായിരുന്ന കെഎസ്ഐടിഎല്ലിലും അദ്ദഹത്തിന്‍റെ ഫ്ലാറ്റിലും മൂന്ന് മണിക്കൂര്‍ ഇന്നലെ വീണ്ടും റെയ്ഡ് നടത്തി. കെഎസ്ഐടിഎല്ലിൽ എന്‍ഐഎയും ഫ്ലാറ്റിൽ കസ്റ്റംസുമാണ് പരിശോധന നടത്തിയത്. സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്കും എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.