തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിൽ മന്ത്രിയായിരുന്നവരിൽ ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ച 21 പേരിൽ 14 മന്ത്രിമാർ പരാജയപ്പെട്ടു. ഇവരെ തോൽപ്പിച്ചവരിൽ മൂന്ന് പേരൊഴികെ മറ്റെല്ലാവരും ആദ്യമായാണ് എം എൽ എ മാരാകുന്നത്.10 സീറ്റിൽ ജയിച്ചത് കോൺഗ്രസാണ് ജയിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ കുണ്ടറയിൽ ജെ മേഴ്സിക്കുട്ടി അമ്മ മാത്രമായിരുന്നു പരാജയപ്പെട്ടത്.പത്തനാപുരത്തെ കെ.ബി ഗണേഷ് കുമാറിന്‍റെ തോൽവിയാണ് എൽഡിഎഫിനെ ക്യാമ്പിനെ ഏറ്റവും കൂടുതൽ ഞെട്ടിക്കുന്നത്. 2001 മുതൽ എംഎൽഎയി 25 വർഷം പൂർത്തിയാക്കിയ ഗണേഷ് കുമാറിന് ആദ്യ തോൽവിയാണിത്.കോൺഗ്രസിന്‍റെ ജ്യോതികുമാര്‍ ചാമക്കാലയാണ് കഴിഞ്ഞ തവണത്തെ തോൽവിക്ക് പകരം വീട്ടി ഗണേഷ് കുമാറിനെ തോൽപ്പിച്ചത്. ഇപ്പോഴത്തെ ഭാര്യ ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തി ഉന്നയിച്ച ആരോപണവും എൻഎസ്എസ് താലൂക്ക് നേതൃത്വത്തിൽ നിന്നുള്ള നീക്കം ചെയ്യലും തോൽവിക്ക് ശക്തികൂട്ടി.

നേമത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പരാജയപ്പെടുത്തി. ചടയമംഗലത്ത് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കോൺഗ്രസിന്‍റെ എം എം നസീറിനോട് പരാജയപ്പെട്ടു . ആറൻമുളയിൽ കോൺഗ്രസിന്‍റെ അബിൻ വര്‍ക്കിയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ തോൽപിച്ചത്. ഏറ്റുമാനൂരിൽ ദേവസ്വം മന്ത്രി വി.എൻ വാസവനെ കോൺഗ്രസിന്‍റെ നാട്ടകം സുരേഷും ഇടുക്കിയിൽ ജലസേചന മന്ത്രി റോഷി അഗസ്റ്റിനെ കോൺഗ്രസിന്‍റെ റോയ് കെ പൗലോസും കളമശ്ശേരിയിൽ വ്യവസായ മന്ത്രി പി. രാജീവിനെ മുസ്ലിം ലീഗിലെ അബ്ദുൽ ഗഫാറും പരാജയപ്പെടുത്തി.

എലത്തൂരിൽ എ.കെ ശശീന്ദ്രനനെ കോൺഗ്രസിലെ വിദ്യാ ബാലകൃഷ്ണനും മാനന്തവാടിയിൽ ഒ.ആര്‍ കേളുവിനെ കോൺഗ്രസിലെ ഉഷാ വിജയനും കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രനെ കോൺഗ്രസിലെ മോഹനനും തോൽപ്പിച്ചു.

ഇരിങ്ങാലക്കുടയിൽ ആര്‍.ബിന്ദു കേരളാ കോൺഗ്രസിലെ മുൻ എംഎൽഎ തോമസ് ഉണ്ണ്യാടനോടും

തിരൂരിൽ കായികമന്ത്രി വി.അബ്ദുറഹിമാൻ സിറ്റിംഗ് എം എൽ എ കുറുക്കോളി മോയ്തീനോടും തൃത്താലയിൽ എംബി രാജേഷ് മുൻ എംഎൽഎ വി ടി ബാലറാമിനോടും പരാജയമേറ്റുവാങ്ങി.

ഈ സർക്കാരിലെ മന്ത്രിയായിരുന്ന അഹ്മദ്‌ ദേവർകോവിലും കോഴിക്കോട് സൗത്തിൽ പരാജയപ്പെട്ടു. മുസ്ലിം ലീഗിലെ ഫൈസൽ ബാബുവാണു ജയിച്ചത്.

മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാരാണ് ജയിച്ചത്. ആദ്യ റൗണ്ട് തൊട്ട് പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധര്‍മടത്ത് 19000ത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്. ധനമന്ത്രി കെഎൻ ബാലഗോപാൽ കൊട്ടാരക്കരയിൽ 1012 വോട്ടിന്‍റെ ഭൂരിപക്ഷത്തിലും മരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബേപ്പൂരിൽ 7487 വോട്ടിന്‍റെ ഭൂരിപക്ഷത്തിലും ജയിച്ചു. ഒല്ലൂരിൽ റവന്യൂ മന്ത്രി കെ.രാജനും നെടുമങ്ങാട് ജി.ആര്‍ അനിലും ചെങ്ങന്നൂരിൽ സജി ചെറിയാനും ചേര്‍ത്തലയിൽ പി.പ്രസാദും ജയിച്ചു.

വൈദ്യതി മന്ത്രി കൃഷ്ണൻ കുട്ടി മത്സരിച്ചില്ല. കഴിഞ്ഞ പിണറായി സർക്കാരിലെ മന്ത്രിമാരായിരുന്ന കെ കെ ഷൈലജ, കടകം പള്ളി സുരേന്ദ്രൻ, ടിപി രാമകൃഷ്ണൻ എന്നിവർ പരാജയപ്പെട്ടപ്പോൾ എ സി മൊയ്തീൻ വിജയിച്ചു.