ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച്‌ 13,681,100 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 586,127 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 8,027,820 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. 970,169 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 24,929 ആയി ഉയര്‍ന്നു. 613,735 പേര്‍ രോഗമുക്തി നേടി എന്നത് ആശ്വാസം പകരുന്നു. അതേസമയം, രാജ്യത്ത് കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് ഐ.എം.എ റെഡ് അലര്‍ട്ട് നല്‍കി. ഡോക്ടര്‍മാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ഐ.എം.എയുടെ നിര്‍ദേശം. രോഗം വരാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കാനും, സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഐ.എം.എയുടെ നിര്‍ദേശത്തില്‍ പറയുന്നു

അമേരിക്കയില്‍ അറുപത്തിയാറായിരത്തിലധികം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യു.എസില്‍ ആകെ രോഗബാധിതരുടെ എണ്ണം 3,615,991 ആയി. 140,105 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,644,773 പേര്‍ രോഗമുക്തി നേടി. ബ്രസീലിലും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. മുപ്പത്തി അയ്യായിരത്തോളം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.