തിരുവനന്തപുരം: ക്രിസ്തീയ ജീവിതത്തിന്റെ ആധികാരികതയിലേക്ക് ഒരു തലമുറയെ കൈപിടിച്ച് നയിച്ച ധന്യജീവിതമായിരുന്നു ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റേതെന്ന് മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ 67-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതിചെയ്യുന്ന പട്ടം സെന്റ് മേരിസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന സമാപന ശുശ്രൂഷകളില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍ ക്ലീമിസ് ബാവ. ദൈവസമ്പാദനത്തിന്റെ മൂല്യത്തെ സ്വന്തം ജീവിതത്തിലൂടെ അനേകര്‍ക്ക് മാതൃകയായി അദ്ദേഹം നല്‍കി. ദൈവത്തിന് നല്‍കുന്ന ശുശ്രൂഷകളെക്കാളും ദൈവസമ്പാദനത്തിന് മുന്‍ഗണന നല്‍കണമെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. രാവിലെ 8-ന് കത്തീഡ്രലിലെ പ്രധാന ത്രോണോസില്‍ മാര്‍ ക്ലീമിസ് ബാവ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് കബര്‍ ചാപ്പലില്‍ അനുസ്മരണ പ്രാര്‍ത്ഥന നടത്തി. ജൂലൈ 1 മുതല്‍ കബറിടത്തില്‍ നടന്ന ഓര്‍മ്മപ്പെരുന്നാളിന് സമാപനമായി.

ഫാ.ബോവസ് മാത്യു
പി.ആര്‍.ഒ
9447661943