ന്യൂഡല്‍ഹി: കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ചൈനയ്ക്ക് താക്കീതുമായി ഇന്ത്യ. കശ്മീരിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യാ -ചൈനാ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ചൈനയ്ക്ക് ഇന്ത്യ ശക്തമായ താക്കീത് നല്‍കിയത്. അതിര്‍ത്തിയിലെ നിയമങ്ങള്‍ സംബന്ധിച്ച്‌ അംഗീകരിച്ച എല്ലാ പ്രോട്ടോകോളുകളും ചൈന പാലിക്കണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന നാലാം ഘട്ട ചര്‍ച്ചയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. പതിനാലര മണിക്കൂര്‍ നേരമാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച നടന്നത്. കിഴക്കന്‍ ലഡാക്കിലെ ചുഷുലില്‍ രാവിലെ 11.30 ഓടെ ആരംഭിച്ച ചര്‍ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അവസാനിച്ചത്.

14-ാം കോറിന്റെ കമാഡര്‍ ലെഫ്. ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനയുടെ ദക്ഷിണ സിന്‍ജിയാംഗ് മിലിട്ടറി ഡിസ്ട്രിക് മേധാവി മേജര്‍ ജനറല്‍ ലിയൂ ലിനുമാണ് നാലാം ഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്. ദെസ്പാങ്ക്-ദൗലത് ബെഗ് ഓള്‍ഡി സെക്ടറില്‍ നിന്നും സേനയെ പിന്‍വലിക്കണമെന്ന് ചര്‍ച്ചയില്‍ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.

സമാധാനപരമായ അന്തരീക്ഷത്തിലാണ് ചര്‍ച്ച പുരോഗമിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.