• മോണ്‍. മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പ

കേരള കത്തോലിക്കാ സഭാചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട ദൗത്യചരിത്രം പൂര്‍ത്തീകരിച്ച യുഗപ്രഭാവനായിരുന്നു മലങ്കരയുടെ മഹാപുരോഹിതനായ ദൈവദാസന്‍ മാര്‍ഈവാനിയോസ് പിതാവ്. കാലദേശാതീതമായി ജ്വലിച്ചുയര്‍ന്ന ഈ വിസ്മയതാരകത്തെ വരും കാലഘട്ടവും വരും തലമുറകളും പുണ്യചരിതനായി വിലയിരുത്തും എന്ന കാര്യത്തില്‍ സംശയമില്ല. എത്രയെത്ര അപദാനങ്ങള്‍ വേണമെങ്കിലും ഈ മഹാത്മാവിനെപ്പറ്റി പറയാനുണ്ട്. എന്നാല്‍ ഇന്നത്തെ തലമുറയ്ക്കും വരും തലമുറയ്ക്കും എന്നും ഓര്‍ക്കാവുന്ന ഓര്‍ക്കേണ്ടുന്ന ഏതാനും ചിലകാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

മാവേലിക്കര പണിക്കര്‍ വീട്ടില്‍ തോമാപണിക്കരുടെയും അന്നമ്മ പണിക്കരുടെയും മകനായി 1882 സെപ്തംബര്‍ 21-ാം തീയതി ദൈവദാസന്‍മാര്‍ ഈവാനിയോസ് ഭൂജാതനായി. പിതാവിന്റെ വ്യക്തിത്വത്തെ വ്യക്തമാക്കുന്ന നിര്‍വ്വചനങ്ങള്‍ അനേകം വിശിഷ്ട വ്യക്തികള്‍ പറഞ്ഞിട്ടുണ്ടെങ്കിലും മാര്‍ത്തോമ്മാ സഭയിലെ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ വാക്കുകള്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ വ്യക്തിത്വത്തെ സമഗ്രമായി ഉള്‍ക്കൊളളുന്നു. ‘ഒരു ഉന്നത കുടുംബജാതന്‍, വിദ്യാസമ്പന്നന്‍, ആത്മീയനേതാവ്, ബുദ്ധിശാലി, കര്‍മ്മയോഗി, കേരളത്തിന്റെ വീരസന്താനം, താന്‍ കണ്ട ദര്‍ശനങ്ങള്‍ മറ്റുളളവര്‍ക്ക് നല്‍കുന്നതിന്, അതിലൂടെ സഭയേയും ജനങ്ങളേയും വഴി നടത്തുന്നതില്‍ വളരെ തല്പരനായ ഒരാള്‍, നൂതനമായവളര്‍ച്ചയുടെ രംഗങ്ങള്‍ കണ്ട് ഓടിയൊളിക്കുകയല്ല അവയെ അഭിമുഖികരിച്ച്, സ്വീകരിച്ച് മുന്നോട്ട് നീങ്ങുന്നതനുള്ള ധീരതയുളള മനുഷ്യന്‍ – അര്‍ത്ഥവത്തായ ജീവിത ശൈലിയും നൂതനമായ ജീവിതമര്യാദകളും സഭയില്‍ തുറന്നയാള്‍ – അതാണ് മാര്‍ ഈവാനിയോസ്’.

പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ജീവിത ശൈലിയാക്കിയ ദൈവസ്പര്‍ശമുളള മനുഷ്യനായിരുന്ന മാര്‍ ഈവാനിയോസ് പിതാവിന്റെ 67-ാം ഓര്‍മ്മപ്പെരുനാളില്‍ പിതാവിനെ പ്രിയങ്കരനാക്കുന്നത് പിതാവിന്റെ വിശുദ്ധ ജീവിതം തന്നെയാണ്. ഈ ലോകത്തില്‍ നിന്ന് ഓടിയൊളിച്ച് പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മുഴുവന്‍ സമയം ജീവിച്ച വിശുദ്ധനല്ല, ജീവിതത്തില്‍ മുഴുവന്‍ ഉള്‍ച്ചേര്‍ന്നു കൊണ്ട് തന്റെ പരിശുദ്ധ സഭയെ നെഞ്ചോട് ചേര്‍ത്ത് പരിപാലിച്ച് വളര്‍ത്തിയ പുണ്യശ്ലോകനാണ് മാര്‍ഈവാനിയോസ് പിതാവ്. ഈ വളര്‍ച്ചയില്‍ നേരിട്ട എല്ലാ പ്രതിസന്ധികളെയും ദൈവാശ്രയത്തില്‍ സമര്‍പ്പിച്ചുകൊണ്ട് ദൗത്യം നിര്‍വ്വഹിച്ച ദിവ്യചരിതമാണ് പിതാവിന്റെ ജീവിതം.

ദൈവദാസന്‍ മാര്‍ ഈവാനിയോസ് സഭയ്ക്കും സമൂഹത്തിനും പ്രത്യക്ഷമായും പരോക്ഷമായും അനേകം വലിയ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിത്വം ഏതെങ്കിലും ഒരു വിഷയത്തില്‍ ഒതുക്കാവുന്നതല്ല. ബഹുമുഖ പ്രതിഭ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിപ്രഭാവമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പ്രവാചകതുല്യമായ വിദ്യാഭ്യാസ ദര്‍ശനം ആരെയുംഅതിശയിപ്പിക്കുന്നതായിരുന്നു. വിദ്യാഭ്യാസം പരിവര്‍ത്തനത്തിലേക്കു നയിക്കുന്ന അറിവിന് വേണ്ടിയുള്ള പരിശീലനമാണ് എന്ന തത്ത്വം വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഏതൊരു രാജ്യത്തിന്റെയും ജനതതിയുടെയും പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. ഇക്കാലത്തെപ്പോലെ വികസനമില്ലാതിരുന്ന ഒരുകാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിച്ച ഒരു വലിയ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവായിരുന്നു മാര്‍ ഈവാനിയോസ് പിതാവ്. വിശുദ്ധിയുടെ കിരീടമണിയാന്‍ സമയമായി എന്ന് മനസ്സിലായപ്പോള്‍ സുദീര്‍ഘമായ ഒരു അന്ത്യ സന്ദേശം എല്ലാ പളളികള്‍ക്കും പിതാവ് അയച്ചു കൊടുത്തു. അതില്‍ മൂന്നാം ഭാഗത്ത് പറയുന്നത്കുട്ടികള്‍ക്ക് നല്ലവിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യമാണ് എല്ലാ മാതാപിതാക്കളും ക്രിസ്തീയ ദൗത്യമായി സ്വീകരിക്കേണ്ടത്എന്നാണ്. ഈ ലക്ഷ്യം പിതാവിന്റെ പ്രവര്‍ത്തനത്തിലുടനീളം പ്രകടമായിരുന്നു. എം.എ. ബിരുദം നേടി സെറാപൂര്‍ കോളേജിലെ പ്രൊഫസറായപ്പോള്‍ ലഭിച്ച ശമ്പളം മുഴുവന്‍ മലങ്കരയിലെ സമര്‍ത്ഥരായ സമര്‍പ്പിതരായ യുവജനങ്ങളെ പഠിപ്പിക്കുന്നതിനും പ്രബുദ്ധരാക്കുന്നതിനും അദ്ദേഹം ഉപയോഗിച്ചു. സമര്‍ത്ഥരായവരെ കല്‍ക്കട്ടയില്‍ കൊണ്ടുപോയി പഠിപ്പിക്കുകയും ബഥനി പ്രസ്ഥാനത്തില്‍പരിശീലനം കൊടുക്കുകയും മറ്റുളളവര്‍ക്ക് പരിശീലനം കൊടുക്കാന്‍ അവരെ പ്രാപ്തരാക്കുകയുംചെയ്തു.

ദൈവീകമായ ബോധ്യങ്ങള്‍ക്കു വേണ്ടി ഭൗതീകമായ സര്‍വ്വവും നഷ്ടപ്പെടുത്തിയ വ്യക്തിയായിരുന്നു മാര്‍ ഈവാനിയോസ്. ഉയര്‍ന്ന ഉദ്യോഗം, ഉന്നതപദവി, ഗുരുതുല്യരായവരുടെ സ്‌നേഹ സൗഹൃദങ്ങള്‍, ബഥനി ആശ്രമത്തിന് സ്വന്തമായുണ്ടായിരുന്ന നാനൂറ് ഏ,ക്കര്‍ സ്ഥലം എന്നിവയെല്ലാം ഉപേക്ഷിച്ച് സന്യാസിയുടെ ത്യാഗശീലാനുസൃതം ദൈവത്തില്‍ മാത്രം ആശ്രയിച്ച് അദ്ദേഹം ആശ്രമംവിട്ടിറങ്ങി. 1919 ല്‍ പെരുനാട്ടിലെ മുണ്ടന്‍മലയില്‍ ഔപചാരികമായി തുടക്കം കുറിച്ച ബഥനി ആശ്രമത്തിലെയും 1925 ല്‍ആരംഭിച്ച ബഥനി സന്യാസിനീ മഠത്തിലെയും നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമായി മലങ്കര സഭയെ കത്തോലിക്കാ സഭയിലേക്ക് പ്രത്യാനയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1930 സെപ്തംബര്‍ 20 ന് കൊല്ലത്തു വെച്ചു ബിഷപ്പ് അലോഷ്യസ് ബന്‍സിഗര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് മാര്‍ ഈവാനിയോസ് പിതാവും മാര്‍ തെയോഫിലോസും ബഹുമാനപ്പെട്ടജോണ്‍കുഴിനാപ്പുറത്തച്ചനും സെറാഫിന്‍ശെമ്മാശ്ശനും, അല്‍മായനായ കിളിയിലേത്ത് ചാക്കോയും കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലേക്ക് ചേര്‍ന്നു. 1653-ലെ കൂനന്‍കുരിശു സത്യത്തിനു ശേഷം റോമുമായുളള ബന്ധം പുന:സ്ഥാപിക്കാന്‍ മാര്‍ത്തോമാ ഒന്നാമന്‍ മുതല്‍ പുത്തന്‍കൂറ്റ് സമുദായക്കാര്‍ പല ഉദ്യമങ്ങളിലൂടെ പരിശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ ദൈവദാസന്‍മാര്‍ ഈവാനിയോസിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയമകുടം ചൂടി. പുനരൈക്യത്തോടു കൂടി മലങ്കര സുറിയാനി ഹയരാര്‍ക്കി നിലവില്‍വന്നു. പിന്നീട് അസൂയാവഹമായ വളര്‍ച്ചയാണ് ഈസഭ കൈവരിച്ചത് എന്നത് ചരിത്ര വസ്തുതയും അനുഭവവേദ്യവുമത്രേ. ‘അതിശീഘ്രംവളരുന്ന സഭ’ എന്ന ബഹുമതിയും മലങ്കരസഭയ്ക്ക് ലഭിച്ചു.

പുനരൈക്യത്തിനു ശേഷം പളളികള്‍ സ്ഥാപിക്കുന്നതോടൊപ്പം പളളിക്കൂടങ്ങളും മിക്ക സ്ഥലങ്ങളിലും സ്ഥാപിക്കുകയുണ്ടായി. സാമ്പത്തികമായി വളരെ ഞെരുക്കമുണ്ടായിരുന്നതിന്റെ മദ്ധ്യേയാണ് ഈ സ്‌കൂളുകള്‍ എല്ലാം സ്ഥാപിച്ചതെന്നോര്‍ക്കുക. അതുവഴി മലങ്കരകത്തോലിക്കര്‍ക്ക് മാത്രമല്ല ഒരു ദേശത്തിന് മുഴുവന്‍ പ്രകാശം പകരാന്‍ പിതാവിന്റെ വിശാല വിദ്യാഭ്യാസ ദര്‍ശനത്തിനും ഉള്‍ക്കാഴ്ചയ്ക്കും സാധിച്ചു. ഈ വിദ്യാഭ്യാസ ദര്‍ശനത്തിന്റെ പ്രത്യക്ഷ നിദര്‍ശനമാണ് 1940 ല്‍ സ്ഥാപിച്ച സെന്റ് മേരീസ് സ്‌കൂളും 1949 ല്‍ സ്ഥാപിച്ച മാര്‍ ഈവാനിയോസ് കോളെജും. കോളെജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പിതാവിന്റെ വ്യക്തിപരമായ മേല്‍നോട്ടം ഉണ്ടായിരുന്നു. ആ ഉള്‍ക്കാഴ്ചയുടെ നേര്‍ക്കാഴ്ചയാണ് ഇന്ന് ഇരുപതോളം പ്രശസ്ത സ്ഥാപനങ്ങളുളള മാര്‍ ഈവാനിയോസ് വിദ്യാനഗറായി രൂപാന്തരപ്പെട്ടിരിക്കുന്നത്. പിതാവ് പടുത്തുയര്‍ത്തിയ മാര്‍ ഈവാനിയോസ് കോളെജ ്എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ 29-ാം സ്ഥാനം ലഭിച്ച് ലോകോത്തര നിലവാരമുളള ഒരു ഓട്ടോണമസ് കോളെജായി മാറി പിതാവിന്റെ ക്രാന്തദര്‍ശനത്തിന്റെ പ്രത്യക്ഷസാക്ഷ്യമായി ശോഭിക്കുന്നു.

മാര്‍ ഈവാനിയോസ് എന്ന ദാര്‍ശനികന്‍ ഭാരത ദര്‍ശനങ്ങളെയും മൂല്യങ്ങളെയും സ്വന്തം ഹൃദയത്തില്‍ സൂക്ഷിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. അറിവിന്റെ ആര്‍ജനം ഏതൊരു മനുഷ്യനും ചെറുപ്പത്തില്‍ തന്നെ ആരംഭിക്കുകയും അത് മരണംവരെതുടരുകയും ചെയ്യുന്നു. ഈ അറിവ് പരിശീലനത്തിലേക്ക് എത്തണം. ഈ അറിവും പരിശീലനവും ആണ് ഒരു മനുഷ്യനെ രൂപാന്തരീകരണത്തിലേക്കും സംസ്‌കാര സമ്പൂര്‍ണതയിലേക്കും നയിക്കുന്നത്. വിദ്യാഭ്യാസം ആത്യന്തികമായി സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നതാകണം എന്ന് വിശ്വസിച്ച ആചാര്യനായിരുന്നു ദൈവദാസന്‍ മാര്‍ ഈവാനിയോസ്. ‘ധീഷണശാലിയായ ഒരു അഗാധ ചിന്തകന്‍, പണ്ഡിത വാഗ്മി, എന്തു വില കൊടുത്തും സത്യത്തെ പിന്‍ചെല്ലുന്നവന്‍, കരുത്തനും നിര്‍ഭയനുമായ കര്‍മ്മയോഗി, സന്ന്യാസസഭാ സ്ഥാപകന്‍ കൂടിയായ മാതൃകാ സന്ന്യാസി, ക്രൈസ്തവ വിശ്വാസത്തെയും ഭാരത സംസ്‌കാരത്തെയും സമ്യക്കായി സംയോജിപ്പിച്ച മതമഹാചാര്യന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ക്രാന്തദര്‍ശിയും ഉല്പതിഷ്ണുവുമായ ഭരണകര്‍ത്താവ്’ എന്നിവയെല്ലാമായിരുന്നു മാര്‍ ഈവാനിയോസ് തിരുമേനിയെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്ന ഫാ. ഫിലിപ്പ് സി. പന്തോളില്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇരുപത്തിരണ്ട് വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ മലങ്കരകത്തോലിക്കാ സഭാ കൂട്ടായ്മയെ ഉരുവാക്കി, വളര്‍ത്തി നയിച്ച് 1953 ല്‍ യോഗ്യനായ ഒരു പിന്‍ഗാമിയെ – ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയെ അഭിഷേകം ചെയ്ത് ചുമതലപ്പെടുത്തിയശേഷം 1953 ജൂലൈ 15-ാം തീയതി അവിടുന്ന് നിത്യതയിലേക്ക് വിളിക്കപ്പെട്ടു.

ദൈവദാസന്‍ മാര്‍ ഈവാനിയോസ് കൊളുത്തിയ ദീപശിഖ ഇന്ന്മലങ്കരഹയരാര്‍ക്കിയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ്കാതോലിക്കോസ് മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ്ബാവാ പിതാവിന്റെ പ്രോജ്വല നേതൃത്വത്തില്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. സഭാമക്കള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മലങ്കരയില്‍ ചരിത്രം സൃഷ്ടിച്ച ഒരു മഹാതാപസന്‍ നമുക്കായി സ്വര്‍ഗത്തിലുണ്ട് എന്നത് ഈ 67-ാം ഓര്‍മ്മപ്പെരുന്നാളില്‍ നമ്മെ അഭിമാന പുളകിതരാക്കുന്നു. ലോകത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ ആഘോഷമായി നടത്തുവാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ സഭാതലത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശാനുസൃതം നമ്മുടെ കുടുംബങ്ങളിലും കൂട്ടായ്മകളിലും ഇടവകകളിലും നമ്മുടെ വന്ദ്യ പിതാവിന്റെ വിശുദ്ധപദ നാമകരണ നടപടികളുടെ പുരോഗതിക്കായി പ്രാര്‍ത്ഥിക്കാം. ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ മാദ്ധ്യസ്ഥം നമുക്ക് അഭയമായിരിക്കട്ടെ.