ത്മരക്ഷയില്‍ അധിഷ്ഠിതമായ സ്വാര്‍ത്ഥത വളരുകയാണെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ഗ്ലോബല്‍ മലയാളി മീഡിയ സംഘടിപ്പിച്ച വെബിനാറില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് നേരെ അക്രമമുണ്ടായ സംഭവങ്ങള്‍ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികളോടെ സ്‌നേഹത്തോടെ കാണാനുള്ള മനസാണ് ഉണ്ടാകേണ്ടത്. മനുഷ്യന്‍ ഒറ്റയായാല്‍ സാമൂഹ്യപിന്‍ബലം നഷ്ടപ്പെടും. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകാന്‍ മാധ്യമങ്ങള്‍ ഇത് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

വഴിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് പൊലീസും മാധ്യമപ്രവര്‍ത്തകരും. ഏതു വിഷയമെടുത്താലും ഈ രണ്ടു വിഭാഗവുമില്ലാതെ മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരുകള്‍ക്കും കഴിയില്ല. പത്രപ്രവര്‍ത്തനം വിലമതിക്കപ്പെടേണ്ടവയാണ്. ലോകത്തില്‍ കാണുന്ന കാര്യങ്ങളും അനുഭവങ്ങളും പങ്കു വയ്ക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാദുരന്തം മൂലം വലിയ നാശം സംഭവിച്ചു. സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നില്ല. സാമ്പത്തികപ്രതിസന്ധിയിലേക്ക് കേരളം കടക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പുറകോട്ടടിക്കുന്ന സാഹചര്യമാണുള്ളത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ അത് പ്രതിഫലിക്കും. സംസ്ഥാനത്തിന്റെ ജിഡിപി മൈനസിലേക്ക് പോകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ചര്‍ച്ച ചെയ്യപ്പേടേണ്ടതും എന്നാല്‍ ചര്‍ച്ച ചെയ്യാപ്പെടാതിരിക്കുന്നതുമായ വിഷയം സാംസ്‌കാരിക രംഗത്തെ തകര്‍ച്ചയാണ്. ഈ മേഖലയിലെ ആളുകള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. അത് ഒരിടത്തും പറയുന്നില്ല. അതിലേക്ക് ചര്‍ച്ചകള്‍ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് നമ്മുടെ സാംസ്‌കാരിക രംഗവും സാംസ്‌കാരിക പാരമ്പര്യവുമാണെന്നും ജേക്കബ് പുന്നൂസ് വ്യക്തമാക്കി.

കൊവിഡ് മൂലം സ്വകാര്യ ആശുപത്രികളും പ്രതിസന്ധിയിലായി. കൊവിഡ് ഭയം മൂലം മറ്റു രോഗങ്ങളുള്ളവരും ആശുപത്രിയില്‍ പോകുന്നില്ല. സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യുന്നു. അവരും ക്ഷീണിതരാവുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ പ്രീതി നേടിയെടുക്കാന്‍ പൊലീസും പൊലീസുകാരുടെ പി.ആര്‍ ആകാന്‍ മാധ്യമപ്രവര്‍ത്തരും ശ്രമിക്കരുത്.

ജനങ്ങള്‍ക്കും നാടിനും വേണ്ടി സംസാരിക്കുന്ന സുകുമാര്‍ അഴീക്കോട്, ബാബുപോള്‍ എന്നിവരെ പോലെയുള്ള സാംസ്‌കാരിക നായകര്‍ ഇന്നില്ലെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

 

മാധ്യമപ്രവര്‍ത്തകനായ ജോര്‍ജ് കള്ളിവയലില്‍ (ദീപിക) സെമിനാറില്‍ അധ്യക്ഷത വഹിച്ചു. എയ്ഞ്ചല്‍ പി ഏലിയാസ് മോഡറേറ്ററായിരുന്നു. രാജീവ് മേനോന്‍ സ്വാഗതവും ഉബൈദ് എടവണ്ണ നന്ദിയും പറഞ്ഞു. ജോര്‍ജ് കാക്കനാട്ട് വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി.