തിരുവനന്തപുരം: മലയാളം സിനിമയിലെ താരങ്ങള്‍ പ്രതിഫലം കുറക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഇക്കാര്യം അറിയിക്കുമെന്നും അമ്മ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

കൊവിഡ്-19 മൂലമുണ്ടായ സാമ്ബത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി അമ്മ സംഘടന കഴിഞ്ഞയാഴ്ച്ച കൊച്ചില്‍ യോഗം ചേര്‍ന്നിരുന്നു.

യോഗങ്ങളിലെ തീരുമാനങ്ങള്‍ അംഗങ്ങളെ അറിയിച്ചുകൊണ്ടുള്ള കത്തിലാണ് പ്രതിഫലം കുറക്കാന്‍ സംഘടന തീരുമാനിച്ചതായി അറിയിക്കുന്നത്. നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ച സാമ്ബത്തിക പ്രതിസന്ധിയെന്ന കാര്യം ഗൗരവത്തോടെ എടുക്കണമെന്ന് കത്തില്‍ പറയുന്നു.

അതേസമയം എത്ര ശതമാനം കുറക്കണമെന്ന നിര്‍ദേശം കത്തിലില്ല. സിനിമ ചിത്രീകരണത്തിന് മുന്‍പ് താരങ്ങളും നിര്‍മ്മാതാക്കളും ധാരണയില്‍ എത്തട്ടെയെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. അതേസമയം നേരത്തെ ഈ വിഷയം സിനിമാ സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പരസ്യമായി ഉന്നയിച്ചതില്‍ അമ്മയ്ക്കുള്ളില്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു.

ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മുകേഷ്, ഗണേഷ്, അംഗങ്ങളായ സിദ്ദീഖ്, ആസിഫ് അലി, രചന നാരായണന്‍ കുട്ടി എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. യോഗം നടന്ന ഹോട്ടല്‍ കണ്ടെയ്ന്‍മെന്റ് സോണിലായതിനാല്‍ പോലീസ് ഇടപെട്ട് യോഗം നിര്‍ത്തിവെക്കുന്ന സാഹചര്യമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഹോട്ടലും അടപ്പിക്കുകയായിരുന്നു.

സൂപ്പര്‍ താരങ്ങളും പ്രതിഫലം കുറയ്ക്കുമെന്നാണ് സൂചന. നിരവധി ചിത്രങ്ങള്‍ മമ്മൂട്ടിയുടേതും മോഹന്‍ലാലിന്റേതുമായി പുറത്തുവരാനുണ്ട്. നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയായിരുന്നു. നേരത്തെ പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങേണ്ടെന്ന് സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രമുഖ സംവിധായകരും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗിനും ഇനി പ്രശ്നമുണ്ടാകില്ല. വരാനുള്ള റിലീസുകള്‍ കഴിഞ്ഞ ശേഷം മാത്രം മതി പുതിയ സിനിമകള്‍ എന്ന തീരുമാനത്തിലായിരുന്നു ഫെഫ്ക അടക്കമുള്ളവര്‍.