വാഷിംഗ്ടണ്‍ : നീണ്ട 17 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ ആദ്യമായി ഫെഡറല്‍ വധശിക്ഷ നടപ്പാക്കി. ഡാനിയല്‍ ലൂയിസ് ലീ എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഏറെ നാടകീയതകള്‍ക്ക് ശേഷം പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കുകയായിരുന്നു. പ്രാദേശിക സമയം, ചൊവ്വാഴ്ച പുലര്‍ച്ചെ 8.07നായിരുന്നു ( ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 5.37 ) ലീയുടെ മരണം ഒദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യാനയിലെ ടെറെ ഹോട്ടിലെ ജയിലില്‍ വിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്.

ശരിക്കും ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 1.30നാണ് ( പ്രാദേശിക സമയം ജൂണ്‍ 13 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ) വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബ് ലീയുടെ വധശിക്ഷ നീട്ടിവയ്ക്കണമെന്നും കൊവിഡിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് വധശിക്ഷയ്ക്ക് സാക്ഷിയാകാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കീഴ്കോടതിയെ സമീപിച്ചിരുന്നു. ഇതനുസരിച്ച്‌ കീഴ്ക്കോടതി ലീയുടെ വധശിക്ഷ നീട്ടി. എന്നാല്‍ 47 കാരനായ ലീയുടെ വധശിക്ഷ നിറുത്തിവയ്ക്കാനുള്ള കീഴ്ക്കോടതിയുടെ തീരുമാനം കഴിഞ്ഞ ദിവസം അപ്പീല്‍ കോടതി അസാധുവാക്കുകയും ലീയെ വിഷം കുത്തിവച്ച്‌ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ഇതനുസരിച്ച്‌ തീരുമാനിച്ച പോലെ ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 1.30ന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചിരുന്നു. എന്നാല്‍ ഇതിനിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ലീയുടെ അറ്റോര്‍ണിയും വീണ്ടും അപ്പീല്‍ നല്‍കിയിരുന്നു. വധശിക്ഷയ്ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ് വധശിക്ഷ നീട്ടിവച്ചതായുള്ള ഉത്തരവ് കീഴ്കോടതി പുറപ്പെടുവിക്കുകയായിരുന്നു. വിഷം കുത്തിവച്ചുള്ള വധശിക്ഷ ഉയര്‍ത്തുന്ന ഭരണഘടനാ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വധശിക്ഷ താത്കാലികമായി തടഞ്ഞത്.

എന്നാല്‍ ഒറ്റ രാത്രി കൊണ്ട് കീഴ്ക്കോടതി ഉത്തരവ് തള്ളിയ സുപ്രീംകോടതി ലീയുടെ വധശിക്ഷയ്ക്കുള്ള അനുമതി പുറപ്പെടുവിക്കുകയായിരുന്നു. സുപ്രീംകോടതിയില്‍ 5 – 4 വോട്ടിന് ലീയുടെ വധശിക്ഷ നടപ്പാക്കാന്‍ തന്നെ തീരുമാനിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ ലീയുടെ വധശിക്ഷ നടക്കുന്ന സമയം തങ്ങള്‍ക്ക് ഫെഡറല്‍ ജയിലില്‍ എത്താനാകില്ലെന്നും അതിനാല്‍ വധശിക്ഷ നീട്ടണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അപ്പീലും പുലര്‍ച്ചെ കോടതി തള്ളി. എന്നാല്‍ ഇതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ട്രംപ് ഭരണകൂടം ധൃതിപ്പെട്ട് വധശിക്ഷ നടപ്പാക്കിയത് ശരിയായില്ലെന്ന് ലീയുടെ അറ്റോര്‍ണി പറഞ്ഞു.

‘ ഞാന്‍ അത് ചെയ്തിട്ടില്ല, ഞാന്‍ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഞാനൊരു കൊലപാതകിയല്ല. നിങ്ങള്‍ ഒരു നിരപരാധിയെയാണ് കൊല്ലുന്നത്.. !’ മരണത്തിന് തൊട്ടുമുമ്ബ് ലീ പറഞ്ഞ അവസാനവാക്കുകള്‍ ഇതാണെന്ന് ഒരു അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

1996 ജനുവരി 11ന് വില്യം ഫ്രെഡറിക് മുള്ളര്‍, ഭാര്യ നാന്‍സി മുള്ളര്‍, 8 വയസുള്ള മകള്‍ സാറ എലിസബത്ത് പവല്‍ എന്നിവരെ കൊലപ്പെടുത്തി അവരുടെ മൃതദേഹം തടാകത്തില്‍ തള്ളിയ വെളുത്ത വര്‍ഗ മേധാവിത്വ ഗ്രൂപ്പിലെ അംഗമായിരുന്ന ലീയുടെ വധശിക്ഷ കഴിഞ്ഞ ‌ഡിസംബറില്‍ നടക്കേണ്ടിയിരുന്നതാണ്. എന്നാല്‍ ഫെഡറല്‍ വധശിക്ഷ സംബന്ധിച്ച നിയമകുരുക്കുകളുടെ പശ്ചാത്തലത്തില്‍ വിധി നടപ്പാക്കാന്‍ വൈകുകയായിരുന്നു.

അതേ സമയം, കൊലപ്പെട്ട നാന്‍സിയുടെ മാതാവ് 81കാരി എര്‍ലീന്‍ പീറ്റേഴ്സണ്‍ ലീയുടെ വധശിക്ഷ എതിര്‍ത്തിരുന്നു. കൊലപാതകത്തില്‍ ലീയുടെ കൂട്ടാളിയായ ചെവീ കെഹോയ്ക്ക് നല്‍കിയത് പോലെ ഇയാള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ലീ ഉള്‍പ്പെടെ നാല് ഫെഡറല്‍ തടവുകാരുടെ വധശിക്ഷയാണ് 2003ന് ശേഷം നടപ്പാക്കാന്‍ തീരുമാനിച്ചത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് ഈ നാല് വധശിക്ഷകളും തീരുമാനിച്ചിരിക്കുന്നത്.

കഴി‌ഞ്ഞ വര്‍ഷമാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഫെഡറല്‍ വധശിക്ഷ പുനരാരംഭിക്കുന്ന വിവരം ട്രംപ് ഭരണകൂടം അറിയിച്ചത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. 19 വയസുകാരി ട്രേസി ജോയ് മക്ബ്രിഡ് എന്ന യു.എസ് സൈനിക ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസില്‍ 53 കാരനായ മുന്‍ യു.എസി സൈനികന്‍ ലൂയിസ് ജോണ്‍സ് ജൂനിയറിന്റെ ഫെഡറല്‍ വധശിക്ഷയാണ് ഒടുവില്‍ യു.എസില്‍ നടന്നത്. 2003 മാര്‍ച്ച്‌ 8നായിരുന്നു ഇത്.

അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ അനുസരിച്ച്‌, കുറ്റകൃത്യങ്ങള്‍ക്ക് ദേശീയ തലത്തില്‍ ഫെഡറല്‍ കോടതികളിലോ പ്രാദേശിക തലത്തില്‍ സ്റ്റേറ്റ് കോടതികളിലോ വിചാരണ നടത്താം. വ്യാജ കറന്‍സി ഉള്‍പ്പെടെ രാജ്യത്തെ ബാധിക്കുന്നതോ ഭരണഘടനാ ലംഘന സംബന്ധമോ ആയ കേസുകള്‍ ഫെഡറല്‍ കോടതിയിലാണ് വിചാരണ നടത്തുക. കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ചാണ് മറ്റുള്ള കേസുകള്‍ ഫെഡറല്‍ കോടതിയ്ക്ക് വിടുന്നത്.

1972ല്‍ ഫെ‌ഡറല്‍, സ്റ്റേറ്റ് തലത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നീട് സ്റ്റേറ്റ് കോടതികള്‍ക്ക് വധശിക്ഷ വിധിയ്ക്കാനുള്ള അനുവാദം 1976ല്‍ സുപ്രീംകോടതി നല്‍കി. 1988ല്‍ ഫെഡറല്‍ തലത്തിലും വധശിക്ഷകള്‍ നടപ്പാക്കുന്നതിനുള്ള നിയമനിര്‍മാണം യു.എസ് സര്‍ക്കാര്‍ പാസാക്കിയിരുന്നു.

ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കണക്കനുസരിച്ച്‌ 1988 മുതല്‍ 2018 വരെയുള്ള കാലയളവില്‍ യു.എസില്‍ ഫെഡറല്‍ കേസുകളില്‍ 78 പേര്‍ക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. എന്നാല്‍ മൂന്ന് പേരുടെ വധശിക്ഷ മാത്രമാണ് ഇതേവരെ നടപ്പാക്കിയിട്ടുള്ളത്. 62 പേരാണ് നിലവില്‍ ഫെഡറല്‍ വധശിക്ഷ കാത്ത് യു.എസിലുള്ളത്.