അമേരിക്കന്‍ അഭിനേത്രിയും ഗായികയും മോഡലുമായ നയ റിവേറയുടെ മൃതദേഹം കണ്ടെത്തി. നടിയെ കാണാന്‍ ഇല്ലെന്ന് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു അതിനു പിന്നാലെയാണ് മൃതദേഹം തെക്കന്‍ കാലിഫോര്‍ണിയയിലെ പിറു തടാകത്തില്‍ കണ്ടെത്തിയത്.

ജൂലൈ 9നാണ് നയ റിവേറയെ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലീസ് ഡൗണ്‍ ടൗണിന് ഏകദേശം 90 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിറു തടാകത്തില്‍ കാണാതായത്. നാല് വയസുകാരനായ മകന്‍ ജോസിയോടൊപ്പം ബോട്ടില്‍ യാത്ര ചെയ്യവേയാണ് റിവേറയെ കാണാതായത്. സംഭവത്തിന് തൊട്ടുമുന്‍പ് മകനൊപ്പമുള്ള ചിത്രം നിയാ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ജൂലായ് എട്ടിന് ജോസിയെ മാത്രം ബോട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിവേറയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയത്. വെള്ളത്തില്‍ മുങ്ങിപ്പോയ നിലയിലാണ് മൃതദേഹം ലഭിച്ചത്.

നാലാം വയസില്‍ അഭിനയം തുടങ്ങിയ നയ റിവേറ കാലിഫോര്‍ണിയയിലെ സാന്റ ക്ലാരിറ്റ സ്വദേശിയാണ്. നടന്‍ റയാന്‍ ഡോര്‍സേയായിരുന്നു റിവേറയുടെ ഭര്‍ത്താവ്. 2018 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 2009 മുതല്‍ 2015 വരെ ഫോക്‌സില്‍ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കല്‍കോമഡി ഗ്ലീയില്‍ ചിയര്‍ലീഡറായി റിവേര അഭിനയിച്ചിരുന്നു. ദ ഫ്ര്ഷ് പ്രിന്‍സ് ഓഫ് ബെല്‍ എയര്‍, ഫാമിലി മാറ്റേഴ്‌സ്, ബേണി മാക്ക് ഷോ തുടങ്ങിയ ടിവി സീരീസുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടാനും റിവേറയ്ക്ക് സാധിച്ചിരുന്നു. നിരവധി സെലബ്രിറ്റികളാണ് നയ റിവേറയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.