ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് എല്ലാ മേഖലകളും സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയി. ഫെയ്‌സ്ബുക്, ഇന്റല്‍ മുതല്‍ യു.എസ്, യു.എ.ഇ ആസ്ഥാനമായുള്ള നിരവധി കമ്ബനികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച്‌ റിലയന്‍സ് ജിയോ ഈ കൊറോണകാലത്ത് വന്‍ മുന്നേറ്റമാണ് നടത്തിയത്. ജിയോ പ്ലാറ്റ്ഫോമുകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന അടുത്ത കമ്ബനി ഗൂഗിള്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ റിലയന്‍സ് ജിയോയില്‍ 4 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഗൂഗിള്‍ നിലവില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് അറിയുന്നത്. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്. സ്മാര്‍ട് ഫോണ്‍ ചിപ്പ് മേക്കര്‍ ക്വാല്‍കോം 730 കോടി രൂപ ആണ് ജിയോയില്‍ നിക്ഷേപിച്ചത്. ഇതോടെ 25.24 ശതമാനം ഓഹരികള്‍ വിറ്റ് മൊത്തം 1,18,318.45 കോടി രൂപ ജിയോ സമാഹരിച്ചു. എന്റര്‍പ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമാണ്. റിലയന്‍സ് ജിയോ ഓഹരികളുടെ മൂല്യം 4.91 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കമ്ബനിയുടെ മൂല്യം 5.16 ലക്ഷം കോടി രൂപയും. ഗൂഗിളിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ റിലയന്‍സിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.