സംസ്ഥാനത്ത് കോവിഡ് വ്യാപന ആശങ്കയുയര്‍ത്തി കൂടുതല്‍ പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെടാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ അതി ജാഗ്രത നിര്‍ദേശം. തീരപ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്.സംസ്ഥാനത്ത് അതിവേഗം കോവിഡ് പടരുന്നതായാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാല് ജില്ലകളിലേക്ക് കൂടി ജാഗ്രത നിര്‍ദേശം നല്‍കിയത്. രോഗവ്യാപനം പടരുന്നത് സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ അനാലിസിസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച്‌ വിവിധ ജില്ലകളിലായി 51 ക്ലസ്റ്ററുകളാണ്ഇപ്പോഴുള്ളത്. പൂന്തുറ, പൊന്നാനി എന്നീ ക്ലസ്റ്ററുകളില്‍ അമ്പതിലധികം പേര്‍ക്ക് രോഗപ്പകര്‍ച്ചയുണ്ടായി. തൃശൂര്‍ കെഎസ്ഇ ലിമിറ്റഡ് ഉള്‍പ്പെടെ സംസ്ഥാനത്ത് നാലിടങ്ങളില്‍ ഇന്നലെയാണ് പുതിയ ക്ലസ്റ്റര്‍ രൂപപ്പെട്ടത്. ആലപ്പുഴ, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്.

പാലക്കാട് അതിര്‍ത്തിയിലും കഞ്ചിക്കോട് മേഖല, ആലപ്പുഴയിലെ ഇന്തോ ടിബറ്റന്‍ ഫോഴ്സ് ക്യാമ്പ്, കണ്ണൂരിലെ സിഐഎസ്എഫ് ക്യാമ്പ്, സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. 15 ക്ലസ്റ്ററുകളില്‍ രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്ത് പൂന്തുറക്ക് പുറമെ അഞ്ച് ചെറിയ ക്ലസ്റ്ററുകള്‍ കൂടിയുണ്ട്. തൃശൂരിലേത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. ഇതില്‍ ആശുപത്രികളും കോര്‍പ്പറേഷന്‍ ഓഫീസും ഉള്‍പ്പെടുന്നുണ്ട്.