ചണ്ഡീഗഢ്: അതിര്‍ത്തിയിലൂടെ മയക്കുമരുന്നും ആയുധങ്ങളും കടത്തിയതിന് പിടിയിലായ നാലുപേരില്‍ ബി.എസ്.എഫ് കോണ്‍സ്റ്റബിളും. ജമ്മു കശ്മീരിലെ സാംബ ജില്ല സെക്ടര്‍ ബി.എസ്.എഫ് യൂനിറ്റിലെ കോണ്‍സ്റ്റബിള്‍ നോനി എന്ന സുമിത് കുമാറാണ് പിടിയിലായത്.

പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ബി.എസ്.എഫ് ജവാന് പാക് സ്പോണ്‍സേഡ് മയക്കുമരുന്ന്, ആയുധക്കടത്തില്‍ പ്രധാന പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ മയക്കുമരുന്ന് സംഘവുമായി ഓണ്‍ലൈന്‍ കോള്‍ വഴിയാണ് ഇയാള്‍ ബന്ധപ്പെട്ടിരുന്നതെന്ന് പൊലീസ് പറയുന്നു.

തുര്‍ക്കി നിര്‍മിത തോക്കുകള്‍, പാക് ഫാക്ടറി മുദ്രയുള്ള വെടിമരുന്നുകള്‍, 32.30 ലക്ഷം രൂപയുടെ മയക്കുമരുന്ന്, മൊൈബല്‍ ഫോണുകള്‍ എന്നിവ അറസ്റ്റിലായവരില്‍നിന്ന് പിടിച്ചെടുത്തു. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. സുമിത് കുമാര്‍ ഗുര്‍ദാസ്പൂര്‍ സ്വദേശിയാണെന്ന് പഞ്ചാബ് ഡി.ജി.പി ദിനകര്‍ ഗുപ്ത പറഞ്ഞു.