തിരുവനന്തപുരം: എം.ശിവശങ്കറിനെ മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശിവശങ്കറിനെതിരെ ആരോപണങ്ങള്‍ ഉയരുമ്ബോഴും അതെല്ലാം വെറും പുകമറയെന്ന നിലയിലാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാട് വിചിത്രമാണ്. ശിവശങ്കറിനെ പിണക്കിയാല്‍ മുഖ്യമന്ത്രി അപകടത്തിലാകുമോയെന്ന് ഭയക്കുന്നുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് ഭരണത്തില്‍ ഒരു നിയന്ത്രണവുമില്ലായെന്ന് കോണ്‍ഗ്രസ് തുടക്കം മുതല്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി കഴിഞ്ഞ നാലുവര്‍ഷമായി ശിവശങ്കര്‍ പിന്‍സീറ്റ് ഭരണം നടത്തുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെ ഉന്നത പദവിയില്‍ സ്വന്തം വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.റ്റി.എല്ലില്‍ നിയമിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. എന്നിട്ടും ഇവരെ അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്.വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഐ.ടി സ്‌പെയ്‌സ്പാര്‍ക്ക് മാനേജരായി നിയമനം നല്‍കിയത് എന്തുമാനദണ്ഡം വെച്ചാണെന്നും മുല്ലപ്പള്ളി ചോദിക്കുന്നു.