ട്രെയിനിൽ നിന്നിറങ്ങുമ്പോൾ കണ്ണുകൾ പരതിയത് മാധവൻ മാമയെ ആയിരുന്നു.
കാണുന്നില്ല. ആ എന്തായാലും നോക്കാം. എന്നെ പലതവണ കണ്ടിട്ടുള്ളതുകൊണ്ട് തിരിച്ചറിയില്ല എന്ന പ്രശ്നം ഇല്ല. ഫ്ലാറ്റ്ഫോർമിലെ തിരക്കൊഴിഞ്ഞ ഭാഗത്തേക്കു മാറിനിൽക്കാം.
എല്ലാവരും തിരക്കിലാണ്. ആരും ആരെയും കാണുന്നില്ല എന്നു തോന്നി.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് പലതവണ കേട്ടു. പല ട്രെയിനുകളും വന്നു പോയി. ജനം സ്റ്റേഷന്റെ അകത്തേയ്ക്കും പുറത്തേയ്ക്കും ഒരു പോലെ ഒഴുകി കൊണ്ടിരിക്കുന്നു.
യാത്ര അയയ്ക്കാനെത്തുന്നവരുടെ ഗദ്ഗദങ്ങളും സ്വീകരിക്കുന്നവരുടെ സന്തോഷങ്ങളും കാറ്റിൽ അലിഞ്ഞു. പെട്ടി എടുക്കണോ, എവിടേക്കാണ് എന്ന ചോദ്യവുമായി ചുവപ്പു കുപ്പായക്കാരും നീല കുപ്പായക്കാരും ഓടി നടക്കുന്നു.

ചേച്ചി ചായയും വടയും ഒരെണ്ണം വാങ്ങു. ശബ്ദം കേട്ടു നോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ചായപ്പാത്രവും കൂടെ ഒരു പെൺകുട്ടി ട്രെയിൽ വടയുമായി മുന്നിൽ.

വേണ്ട എന്ന് പറഞ്ഞു തിരിയുമ്പോൾ ഒരു കുഞ്ഞിനെയും ഒക്കത്തെടുത്തൊരു സ്ത്രീ.
ദയനീയമായ മൂഖം.
ഒക്കത്തിരിക്കുന്ന കുട്ടി അവളുടെ മെലിഞ്ഞുണങ്ങിയ മുല ചപ്പിവലിക്കുന്നു.
പിഞ്ഞിക്കീറിയ സാരികൊണ്ട് മാറു മറയ്ക്കാൻ അവൾ പാടുപെടുന്നുണ്ട്.

ആരുടെ മുന്നിലും കൈ നീട്ടാതെ വിദൂരതയിലേക്ക് ദൃഷ്ടി ഉറപ്പിച്ചുള്ള അവളുടെ നിൽപ്പ് എന്നെ വല്ലാതെ വേദനിപ്പിച്ചു.

പെട്ടെന്ന് ചായ എന്ന് പറഞ്ഞ് അവരെ തിരിച്ചു വിളിച്ചു.
ചായയും വടയും വാങ്ങി ആ സ്ത്രീയ്ക്കു നീട്ടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതു കണ്ടു.

ബാഗിൽ നിന്നും രണ്ടു സാരിയും ബ്ലൗസ്സും കുറച്ച് പൈസയും കൂടി അവളെ ഏൽപ്പിക്കുമ്പോൾ അതു വാങ്ങാൻ അവൾ മടിച്ചു.
എങ്കിലും അതവളെ ഏൽപ്പിക്കുമ്പോൾ
അവളെക്കുറിച്ച് കൂടുതൽ അറിയണം എന്നു തോന്നി.
പക്ഷേ ഞാൻ ഇവിടെ ഒരപരിചിത, പോരാത്തതിന് സമയം സന്ധ്യ മയങ്ങാൻ തുടങ്ങുന്നു.

പോകേണ്ടിടത്ത് കൂട്ടാൻ വരാമെന്നു പറഞ്ഞ ആളെയും കണ്ടില്ല.
എന്തായാലും മാധവൻ മാമനെ വിളിച്ചു നോക്കാം. നമ്പർ തപ്പിയെടുത്തു വിളിച്ചു.
ഭാഗ്യം ബല്ലുണ്ട്.
കുറെ നേരം ബല്ലടിച്ചിട്ടും ആരും ഫോണെടുത്തില്ല.
എന്താണ് സംഭവിച്ചിരിക്കുക.
മാധവൻ മാമ ഉറപ്പായും ഇവിടെ കാണും എന്നല്ലെ പറഞ്ഞത്. ഇനി എന്താ ചെയ്യുക. നേരെ പോയി നോക്കാം.
മാളു പറഞ്ഞ അഡ്രസ്സ് ഓർമ്മ ഉണ്ട്.
സ്റ്റേഷനു പുറത്തെത്തി. ഒരു നിമിഷം കൊണ്ട് ടാക്സിക്കാരും ആട്ടോക്കാരും പൊതിഞ്ഞു. എവിടേക്കാണ്. ചേച്ചി, മോളെ ഇതിൽ വരൂ. ഒരു നിമിഷം ഒന്നു പകച്ചു.
പിന്നീടു പറഞ്ഞു. ആളു വരും.
ഓരോരുത്തരായി ഒഴിഞ്ഞു.

ഇവിടെ എവിടെയെങ്കിലും പ്രി പെയ്ഡ് ടാക്സി ഉണ്ടാവമല്ലോ. അതാവുമ്പം സേഫ് ആണ്.
അതാ അവിടെ. ഞാൻ അവിടേക്ക് നീങ്ങി. അൽപം ലൈൻ ഉണ്ട്. എങ്കിലും ഉള്ളിൽ ഒരു സുരക്ഷിതത്വം തോന്നി.
അഡ്രസ് പറഞ്ഞു. ബില്ലു കൊടുത്ത് ഓട്ടോയിൽ കയറി അൽപം മുന്നോട്ടു പോയപ്പോൾ തന്നെ ചെറപ്പക്കാരനായ ആട്ടോ ഡ്രൈവറുടെ ആകാംക്ഷ തോടുപൊട്ടിച്ചു.

എവിടുന്നു വരുന്നു, അവിടെ ആരെ കാണാനാണ്, അങ്ങനെ ഒരുപാടു കാര്യങ്ങൾ. അയാളെ മുഷുപ്പിക്കാതെ തൊട്ടും തൊടാതെയും എന്തൊക്കൊയോ പറഞ്ഞു.

എനിക്കവരെ എല്ലാം നന്നായി അറിയാം. എന്റെ വീട് അതിനടുത്താണ്. മൂന്നാമത്തെ വീട്.
എന്റ പേര് രാജീവൻ.
ഞാൻ കല്യാണം കഴിച്ചിട്ടില്ല. അമ്മയും അച്ഛനും പിന്നെ ഒരനിയത്തിയും മാത്രമേ ഉള്ളു. അനിയത്തിയെ കെട്ടിച്ചു.
ഇനി പറ്റിയ ഒരു കുട്ടിയെ കിട്ടിയാൽ ഉടൻ കല്യാണം ഉണ്ടാകും.അവൻ ഞാൻ ചോദിക്കാതെ തന്നെ സംസാരിച്ചുകൊണ്ടിരുന്നു.
മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. അവിടെ എത്തുമ്പോൾ ആരെങ്കിലും ഉണ്ടാവുമോ?
പേര് എന്താണെന്നാ പറഞ്ഞത്. അവൻ ചോദിച്ചു.
മാധവൻ.
അല്ല ഞാൻ ചോദിച്ചത്..
ഞാനൊരു മറു ചോദ്യം ചോദിച്ചു. മാധവൻ മാമെ അറിയാമെന്നല്ലെ പറഞ്ഞത്?

അതേ. ഞങ്ങൾ നാട്ടുകാർക്കും മാധവൻ മാമയാണ്. അത് മളൂട്ടി വിളിക്കുന്നത് കേട്ട് പിന്നെ എല്ലാർക്കും മാധവൻ മാമയായി.
രാജീവ് ഇന്ന് മാമയെ കണ്ടോ.
അവൻ അൽപം ആലോചിച്ചിട്ടു പറഞ്ഞു.
ഇല്ല.
ഇന്ന് ഞാൻ പതിവിലും നേരത്തേ പോരുന്നു.
അനിയത്തിയെ അവളുടെ വീട്ടിൽ വിടാനായി.
അല്ല നിങ്ങൾ ഇതുവരെ പേര് പറഞ്ഞില്ലല്ലോ? നിങ്ങൾ പേടിക്കണ്ട കാര്യം ഒന്നും ഇല്ല.
മുത്തശ്ശി അവിടെ ഉണ്ടാകും.

ദാ അതാണ് വീട്. മുറ്റത്ത് വരെ വണ്ടി എത്തും.
പക്ഷെ കുറച്ചായി ആരും അങ്ങോട്ടേക്ക് പൂവാറില്ല. മുത്തശ്ശി ബഹളം വയ്ക്കും.
മാളൂട്ടിയുമായല്ലാതെ ഒരു വാഹനം പോലും തറവാടിന്റെ മുറ്റത്ത് എത്തരുതെന്നാണ് കൽപ്പന.

ഹാ.. അവൻ ഒന്നു ദീർഘമായി നിശ്വസിച്ചു.
ആകുട്ടികാണിച്ചത് അൽപ്പം അധികപറ്റായി.
ഞാൻ വെയ്റ്റ് ചെയ്യാം. പൊയ്ക്കോളു.
മുത്തശ്ശി കണ്ടശേഷം ഞാൻ പോകാം. അവൻ പറഞ്ഞു.
ശരി.
ഞാൻ തിരിഞ്ഞു നടക്കുന്നതിനിടയിൽ പറഞ്ഞു.
ഞാൻ ശാലിനി.
ഇടയിലവിടവിടെ സിമന്റ് ഇളകി പഴക്കം വിളിച്ചോതുന്ന പടവുകൾ കയറിഎത്തിയത് വിശാലമായ മുറ്റത്ത്.
അടിച്ചു വൃത്തിയാക്കിയ മണൽ വിരിച്ച മുറ്റം. ഞാൻ അവിടെ നിന്ന് ചെറിയ തോതിൽ ഒരു വീക്ഷണം നടത്തി.
ഒരു മൂലയിൽ പൂത്തു നിൽക്കുന്ന രക്ത വർണ്ണ മുള്ള തെച്ചി, റോസ് അതും പലവർണ്ണങ്ങളിൽ,

അപ്പോഴാണ് ചെറുതായി വീശിയ കാറ്റിൽ ഒഴുകിയെത്തി തന്നെ പുണരുന്ന മുല്ലപ്പൂവിന്റെയും പിച്ചിയുടെയും മണം തിരിച്ചറിഞ്ഞത്.
മാളു പറഞ്ഞിരുന്നു മറ്റൊരു വശം മുഴുവൻ മണമുള്ള വെളുത്ത പൂക്കളുടെ കൂട്ടത്തെ കുറിച്ച്.
അതാ അടുത്തായി നിശാ ഗന്ധിയും.
ആരാണാവോ ഇപ്പോഴും ഇതെല്ലാം ഇത്ര ഭംഗിയായി പരിപാലിക്കുന്നത്.

ശാലിനീ… കൽപ്പടവിന് താഴെ നിന്നും രാജീവനാണ്. മുത്തശ്ശിയെ വിളിക്കൂ. അവിടെ ഇല്ലെങ്കിൽ മിക്കവാറും തെക്കെ പറമ്പിൽ കാണും.

മാളു പറഞ്ഞിരുന്നു തെക്കെ പറമ്പിൽ അച്ഛന്റെയും അമ്മയുടെയും അടുത്താവും മിക്കവാറും സമയങ്ങൾ എന്ന്.
അങ്ങിങ്ങ് പെയിന്റ് ഇളകിയുട്ടുണ്ടെങ്കിലും വളരെ ഭംഗിയായി സൂക്ഷിക്കുന്ന വീടാണെന്ന് കാണുമ്പോൾ മനസ്സിലാകും.

ഞാൻ കുറച്ചു കൂടി മന്നോട്ടു നീങ്ങി മുത്തശ്ശി എന്ന് വിളിക്കാനൊരുങ്ങുമ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. ആരാകും?

ആലോചന മുറുകുന്നതിനു മുൻപ് മെലിഞ്ഞ് ക്ഷീണിതയെങ്കിലും ഐശ്വര്യം തുളുമ്പുന്ന മുഖശ്രീയമായി ആ രുപം പുറത്തേക്ക് വന്നു.
ആരാ ശാലു മോളാണോ?

അതേ.
മുത്തശ്ശിക്കെങ്ങനെ.. മാധവൻ മാമ പറഞ്ഞതായിരിക്കും. മനസ്സിൽ ചിന്തിച്ചു.

മോളു വരൂ. വരുമെന്നു മാളൂട്ടി പറഞ്ഞിരുന്നു.

ആ ശോഷിച്ച കൈകൾ തന്റെ കൈകളിൽ സ്പർശിച്ചപ്പോൾ വല്ലാത്ത ഒരു അനുഭൂതി അനുഭവിച്ചു. അമ്മയുടെ സ്പർശം പോലെ.

പരിസരം പോലും മറന്ന് മുത്തശ്ശിയോടൊപ്പം മുത്തശ്ശിയിൽ മാത്രം ദൃഷ്ടി ഉറപ്പിച്ചു നടക്കുമ്പോൾ മാളൂട്ടിയേയും പടിക്കെട്ടിനു താഴെ കാത്തു നിൽക്കുന്ന രാജീവനെയും മറന്നു.

താഴെ നിന്നും രാജീവൻ പറഞ്ഞു.
ശാലിനീ ബാഗു വേണ്ടെ?
ഞാനതും കേട്ടില്ല.
മുത്തശ്ശി രാജീവനോട് പറഞ്ഞു നീ അതുമായി കയറി വരൂ.
മോളിവിടെ ഇരിക്കൂ.
സോഫായിലേക്ക് തന്നെ ഇരുത്തുമ്പോഴും ഞാൻ ഏതോ സ്വപ്ന ലോകത്തിലായിരുന്നു.

രാജീവൻ ബാഗുമായി എത്തുമ്പോൾ പറഞ്ഞു. എന്തായിത്? നന്നായി വളരെ നാളുകൾക്കു ശേഷമാണ് മുത്തശ്ശിയെ ഇത്ര സന്തോഷമായി കാണുന്നത്.

നിങ്ങൾ ആദ്യമായി വരുവാണെന്നല്ലെ പറഞ്ഞത്. ഇതിനു മുൻപ് തമ്മിൽ കണ്ടിട്ടും ഇല്ല.

മുത്തശ്ശി പറഞ്ഞു. നീ ഇരിക്ക് ഞാൻ കാപ്പി തിളപ്പിക്കാം.
ഇപ്പോൾ വേണ്ട.
കുളികഴിഞ്ഞ് ഞാൻ തന്നെ ഉണ്ടാക്കാം എന്നു പറയണം എന്നുണ്ടായിരുന്നു.

അപ്പോഴേക്കും രാജീവൻ പറഞ്ഞു.

മുത്തശ്ശിയുടെ കൈകൊണ്ട് ഉണ്ടാക്കിയ എന്തെങ്കിലും കഴിച്ചിട്ടെത്ര കാലമായി. കണ്ണാ ഞാനിപ്പം വരാം.

ഇവളെ ഒറ്റയ്ക്ക് ആക്കണ്ട. പരിചയം ഇല്ലാത്തതല്ലെ.

കണ്ണനോ? ഇയാൾ രാജീവനല്ലെ?

അയാളുടെ മുഖത്തെ ചിരി മായുന്നതും അവിടെ വിഷാദം നിറയുന്നതും കണ്ടു.
എന്താണ് പറ്റിയതെന്ന് മനസ്സിലായില്ല.

ഞങ്ങൾക്കിടയിൽ മൗനം കൂടുകൂട്ടി.

ഞാൻ ആ മുറിയാകെ കാണുകയായിരുന്നു. അവിടെ ഷോ കേസിൽ മാളുവിന്റെ പുഞ്ചിരിക്കുന്ന മുഖം. കാറ്റിൽ പറന്ന് മുഖത്തേക്ക് വീണ മുടിയിഴകൾ അവൾക്ക് കൂടുതൽ അഴകും വശ്യതയും നൽകി.

എന്നെ നോക്കി അവൾ കണ്ണിറിക്കി ചിരിച്ചോ എന്നൊരു സംശയം.
അതു മാത്രമല്ല അവൾ പറഞ്ഞതും കേട്ടു.
എടീ കൊരങ്ങേ നോക്കണ്ട ഇതു ഞാനാടി നിന്റ മാളു. അതും പറഞ്ഞവൾ പൊട്ടിച്ചിരിച്ചോ?
അവൾ ഇവിടെ എവിടെയോ ഉള്ള പോലെ തോന്നി.
മാളു അറിയാതെ വിളിച്ചു. അൽപം ശബ്ദം ഉയർന്നു എന്നു മനസ്സിലായത് രാജീവന്റ ചോദ്യം കേട്ടപ്പോഴാണ്.

ശാലിനി മാളുനെ ഒരുപാട് മിസ്സ് ചെയ്യുന്നു അല്ലെ. ഞാനും. അയാളുടെ ശബ്ദം ഇടറിയിരുന്നു. കണ്ണുകളിൽ നനവും പടർന്നിരുന്നു.

എന്തുകൊണ്ട് എന്നു ചോദിക്കും മുൻപേ മുത്തശ്ശി എത്തി ആവി പറക്കുന്ന ചായയുമായി.
ചായ കുടിക്കൂ കുട്ടികളെ.

ചൂടു ചായ ഊതി തണുപ്പിക്കുന്ന അവളെ നോക്കി മുത്തശ്ശി പറഞ്ഞു ചൂടാണോ, തണുപ്പിക്കണോ?

എനിക്കിതാണിഷ്ടം എന്നു പറയുമ്പോൾ നിറം വറ്റിയ ആ കണ്ണുകൾ കലങ്ങി, തൊണ്ടയിൽ നിന്നും
അടഞ്ഞ ശബദത്തിൽ വാക്കുകൾ പുറത്തു വന്നു. മാളൂനും അതാണിഷ്ടം.

തളം കെട്ടി നിന്ന മൂകതയെ ഭേദിച്ചുകൊണ്ട് രാജീവൻ പറഞ്ഞു ഇറങ്ങട്ടെ നാളെ കാണാം.
രാജീവൻ പോയികഴിഞ്ഞാണോർത്തത് ആട്ടോ കൂലി കൊടുത്തില്ല എന്ന്. മ്ം. സാരമില്ല. രാവിലെ കൊടുക്കാം. സ്വയം ആശ്വസിച്ചു.

മുത്തശ്ശി വീണ്ടും പഴയ ഉത്സാഹം വീണ്ടെടുത്തുകൊണ്ട് പറഞ്ഞു. മോള് വരു. അടഞ്ഞ ഒരു വാതിൽ തുറന്ന് മുത്തശ്ശി പറഞ്ഞു.
ഈ മുറി ഉപയോഗച്ചോളു. മാളൂന്റ മുറി ആണ്. എനിക്കവളെ കാണണം എന്ന്തോന്നുമ്പോൾ ഞാവിടെ വന്നിരിക്കും.
ഞാനവളോടു ഒരു പാട് കാര്യങ്ങൾ പറയും. എനിക്കിവിടെ ഇരുന്നാൽ എന്റെ മാളൂനെ കാണാം തൊടാം.

ഇന്ന് അവൾ ആഗ്രഹിക്കുക മോളിവിടെ ഉണ്ടാകണം എന്നാകും.
വേഗം കുളുച്ചു വരൂ. ഇന്ന് നമുക്കൊരുമിച്ച് വിളക്കു വയ്ക്കാം. ഒരുമിച്ച് അസ്ഥി തറയിൽ പോയി പ്രാർത്ഥിക്കാം.
കുളികഴിഞ്ഞ് ബാഗു തുറക്കുമ്പോൾ മനസ്സ് വല്ലാതെ പൊള്ളി.

എന്റ പ്രീയപ്പെട്ട കൂട്ടുകാരി നീ..

മുത്തശ്ശി വിളിച്ചു, കഴിഞ്ഞില്ലേ കുട്ട്യേ.

മുത്തശ്ശിയോടൊപ്പം വിളക്കു വച്ച് അസ്ഥിത്തറയിലേക്ക് പോകുമ്പോൾ കണ്ടു വർണ്ണച്ചിറകുള്ള ഒരു ശലഭം ചുറ്റിനും പറക്കുന്നത്.

എടീ ശാലു ഞാൻ മരിക്കുമ്പോൾ നീ കരയരുത്. നിന്നെത്തേടി വർണ്ണ ചിറകുകൾ വീശി ശലഭമായി നിന്നോടൊപ്പം ഉണ്ടാകും എന്ന്.

മാളൂ… മനസ്സ് വീണ്ടും അസ്വസ്ഥമായി.
മുത്തശ്ശിയോടെങ്ങനെ പറയും. മാധവൻ മാമ വന്നിരുന്നെങ്കിൽ..

രണ്ടു പേരെ അടക്കം ചെയ്ത സ്ഥലം. ഒരു പൂങ്കാവനത്തിലെത്തിയ പോലെ തോന്നി. പൂത്തു നിൽക്കുന്ന രണ്ടു ചെമ്പകങ്ങൾ. മണം മൂക്കിലേക്കരിച്ചു കയറി.

മുത്തശ്ശി പറഞ്ഞു. മാളൂന്റെ അച്ഛനും അമ്മയും.
അവൾക്ക് പത്തു വയസ്സുള്ളപ്പോൾ ഒരാക്സിഡന്റിൽ രണ്ടു പേരും പോയി. പിന്നെ ഞാനായിരുന്നു അവൾക്ക് എല്ലാം.
കഴിഞ്ഞ ഒരു വർഷം വരെ.
അച്ഛനും അമ്മയും ഉള്ളപ്പോഴും ഞാനായിരുന്നു അവളുടെ സംരക്ഷക.
അവർ രണ്ടുപേരും ജോലിയായി ഡൽഹിയിലായിരുന്നു.
അപകടം നടന്നത് ഇവിടെ വച്ചായിരുന്നു.

മാളൂട്ടിയ്ക്ക് ഒരു ബുദ്ധിമുട്ടും അറിയിക്കാതെ വളർത്തി.
പഠിക്കാൻ ബഹുമിടുക്കി ആയിരുന്നു.
ഒടുവിൽ ഗൈനക്കോളജിയിൽ ഫെലോഷിപ്പിന് ഡൽഹിക്ക് പോകുമ്പോൾ ഞാൻ തനിച്ചാവുന്നു എന്ന സങ്കടമായിരുന്നു.
മാധവനും കണ്ണനും ഉണ്ടെന്നുള്ള സമാധാനം കൊടുത്ത് പറഞ്ഞയച്ചത് ഞാനായിരുന്നു. മാളൂട്ടിയുടെ സ്വപ്നമായിരുന്നു അത്.
അത് സാക്ഷാത്കരിക്കാൻ എന്റെ കുട്ടിയ്ക്ക് കഴിയാതെ പോയി.
മുത്തശ്ശി എന്താണ് ഉദ്ദേശിച്ചത്. അവൾ പറഞ്ഞത് അവൾക്കൊരു വിദേശ ഡോക്ടറുമായി ഇഷ്ടമാണെന്നും അയാളോടൊപ്പം പോകുന്നു എന്നുമല്ലേ?

മുത്തശ്ശി എന്നിട്ടും അവളെ വെറുത്തിരുന്നില്ല എന്നും മറിച്ച് അവളെ കൂടുതൽ സ്നേഹിക്കുകയായിരുന്നു എന്നത് അവളെ ഏറെ തളർത്തിയിരുന്നു.
എങ്കിലും മുത്തശ്ശി ഒന്നും അറയില്ല എന്നു സമാധാനിച്ചു.

പാവം അവൾ അനുഭവിച്ചതെന്താണെന്ന് ഞാനല്ലെ കണ്ടുള്ളു.
മുത്തശ്ശി പറഞ്ഞതുപോലെ മിടുക്കിയായിരുന്നു മാളു.
ഫെലോഷിപ്പ് തീരാൻ വെറും ആറുമാസം മാത്രമുള്ളപ്പോഴാണ് പെട്ടന്ന് തലകറങ്ങി വീണ അവളെ പരിശോധനകൾക്ക് വിധേയ ആക്കിയത്.

കിട്ടിയ റിസൽട്ട് ഞെട്ടിക്കുന്നതായിരുന്നു. ലൂക്കീമിയ. അതും അവസാന സ്റ്റേജ്.

ഞാനാകെ തളർന്നു.
അവളെനിക്കെന്റെ സഹോദരി ആയിരുന്നു. അമ്മ മാത്രമുള്ള ഞാനും അച്ഛനമ്മമാരില്ലാത്ത അവളും ഏറെ അടുത്തത് ജീവിതത്തിലെ ദു:ഖങ്ങളുടെ സമാനത കൊണ്ടായിരിക്കാം.

അവൾ ഒന്നുമാത്രമേ ആഗ്രഹച്ചുള്ളു. അവൾക്കെന്തെങ്കിലും പറ്റിയാൽ മുത്തശ്ശി ഒന്നും അറിയരുത്. അതിനായി അവൾ തന്നെ തിരക്കഥയെഴുതിയതാണ് വിദേശി ഡോക്ടറെ കല്യാണം കഴിച്ച് ഫ്രാൻസിനു പോയ കഥ.

അവളുടെ കണ്ണനെ അവളെ മറന്ന് മറ്റൊരു ജീവിതത്തിലേക്ക് പറിച്ചു നടാനും ആ കഥ ഉപകരിക്കുമെന്നവൾ പറഞ്ഞു.
കണ്ണൻ… അതാരാണെന്ന് ഒരിക്കൽ പോലും പറഞ്ഞില്ല. നീ നേരിട്ടു കണ്ടാൽ മതി.

രാജീവനാണോ അത്. മുത്തശ്ശി കണ്ണാ എന്നു വിളിച്ചതും മാളുവിന്റെ കാര്യം പറഞ്ഞപ്പോൾ തൊണ്ട ഇടറിയതും എല്ലാം കൂട്ടി വായിക്കുമ്പോൾ…

അവൾ യാത്ര പറയുമ്പോൾ മുത്തശ്ശി പക്ഷാഘാതം വന്ന് ആശുപത്രിയിൽ ആയിരുന്നു.
മാധവൻ മാമ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. യമുനയുടെ തീരത്ത് എരിഞ്ഞു തീർന്ന് ആ നദിയിൽ അലിയുമ്പോൾ എല്ലാ ഉത്തരവാദിത്തങ്ങളും അവൾ അവശേഷിപ്പിച്ചത് എന്നിലാണ്.
അവളുടെ അവശേഷിപ്പുകളുടെ കലശവുമായി പുറപ്പെടുമ്പോൾ ആകെ ഉള്ള ആശ്വാസം മാധവൻ മാമ ആയിരുന്നു.

ഇപ്പോൾ ആളെ കാണാനില്ല. മുത്തശ്ശിയോടു തന്നെ ചോദിക്കാം.
മനസ്സറിഞ്ഞപോലെ മുത്തശ്ശി പറഞ്ഞു. മാധവൻ ഉടനെത്തും. ചില കാര്യങ്ങൾക്കായി അവൻ പോയതാണ്.

തിരിച്ച് മുറയിലെത്തുമ്പോൾ മുത്തശ്ശി ചോദിച്ചു. മോളെ കുറിച്ച് ചിലതൊക്കെ മാളൂട്ടി പറഞ്ഞിരുന്നു. മോളുടെ അമ്മയുടെ പേര്?
ശാരി.
സ്ഥലം?
അറിയില്ല.
അമ്മ പറഞ്ഞു ഒരിക്കൽ എല്ലാം പറയാം എന്ന്.
മുത്തശ്ശി എന്തൊ ആലോചിച്ചിട്ട് ചോദിച്ചു. അമ്മയുടെ ഫോട്ടോ ഉണ്ടോ?
മ്ം.
മുറിയിലെത്തി അച്ഛനും അമ്മയും കൂടി ഉള്ള ഫോട്ടോ മുത്തശ്ശിയെ കാണിക്കുമ്പോൾ ആ മുഖം വലിഞ്ഞു മുറുകുന്നതും നെഞ്ചോട് ചേർത്ത് പിടിച്ച് മിണ്ടാതെ ഇരിക്കുന്നതും കണ്ടു.

പിന്നെ എന്നെ ആ ശുഷ്ക്കിച്ച കൈകളാൽ ചേർത്തു പിടിച്ച് തേങ്ങി.

നീ എന്നെത്തേടി ഇവിടെ എത്തിയത് ഒരാളുടെ നഷ്ടം പറയാൻ ഒപ്പം രണ്ടു പേരെ എനിക്ക് തിരിച്ചു തരാൻ.
എന്റെ കൃഷ്ണാ…എല്ലാം നിന്റെ മായകൾ.

ഒന്നും മനസ്സിലാവാതെ ഇരുന്ന എന്നെ വീണ്ടും ചേർത്തു പിടിച്ച് നെറുകയിൽ ചുണ്ടമർത്തി. ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി ആ കവിളുകളെ നനച്ചെതെന്തിനെന്ന് മുത്തശ്ശിയോടു ചോദിച്ചു.
ഒക്കെ കുട്ടി അറിയും എന്നായിരുന്നു മറുപടി.

വർഷങ്ങൾക്കുമുൻപ് അച്ഛന്റെ കൈപിടിച്ച് പടി കടന്നു പോയ ശാരി ഈ മുത്തശ്ശിയുടെ മകളാണോ?
മന:സ്സിൽ സംശയം നിഴലിച്ചു.
ഈശ്വരാ… ഞാൻ..മാളൂട്ടി എന്റെ അനുജത്തി ആയിരുന്നോ?
ഏയ്.. വെറുതെ ഓരോ ആലോചനകൾ..
മന:സ്സിനെ ശാസിച്ചു..അത്യാഗ്രഹങ്ങൾ ചിന്തിക്കല്ലെ..

മുത്തൊശ്ശിയോട് എങ്ങനെ മാളൂന്റെ വിയോഗം പറയും എന്ന് കരുതിയിടത്ത് മുത്തശ്ശി പറഞ്ഞതെന്താണ് ഒരാളുടെ നഷ്ടം എന്നല്ലേ?

ഒന്നും മനസ്സിലാകാതെ നിൽക്കുമ്പോഴാണ് മാധവൻ മാമയുടെ വരവ്.

രംഗം പന്തി അല്ല എന്ന് മനസ്സിലായ മാധവൻ മാമ പറഞ്ഞു.

പുറത്ത് നല്ല മഴ പെയ്യാനുള്ള വട്ടം ഉണ്ട്. എന്തായാലും മഴക്ക് മുന്നെ എത്താനായിലോ.

ആഹാ കുട്ടി എത്തി അല്ലെ? റെയിൽവേ സ്റ്റേഷനിൽ വരാനിറങ്ങിതാ. അപ്പോഴാണ് ഒരത്യാവശ്യം.
ക്ഷമിക്കണം.
അയ്യോ ഇതെന്താണ് എന്നോട് ക്ഷമ ചോദിക്ക്യോ. വേണ്ട.

മുത്തശ്ശിടെ നേരെ തിരിഞ്ഞു പറഞ്ഞു. കാര്യങ്ങൾ എല്ലാം ശരിയായി.
നാളെ രാവിലെ തന്നെ എല്ലാം ചെയ്യാം.

മുത്തശ്ശി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അകത്തേക്ക് പോയി.

ഒന്നും മനസ്സിലാവാതെ നിന്ന തന്നെ നോക്കി മാധവൻ മാമ പറഞ്ഞു.

എല്ലാം മുത്തശ്ശി അറിഞ്ഞു. അന്ന് കുട്ടി വിളിച്ചില്ലെ എല്ലാം കഴിഞ്ഞൂന്ന് പറയാൻ.

ഞാൻ കേട്ടപാടെ ഇറങ്ങുമ്പോൾ മുത്തശ്ശി ഞാൻ പറഞ്ഞത് കേട്ടു എന്നറിഞ്ഞില്ല.
മുത്തശ്ശിയെ തളർത്തിയത് മാളുട്ടിയുടെ വേർപാടിന്റെ ആ കാൾ ആയിരുന്നു.
ഏകദേശം ആറുമാസം എടുത്തു മുത്തശ്ശിയുടെ ബോധം ശരിയാകാൻ. പിന്നെയും മാസങ്ങളുടെ ദൈർഘ്യം വേണ്ടി വന്നു ഇന്നത്തെ പോലെ ആകാൻ.

ഒരിക്കലും എന്നോടൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.

ഇന്നലെ കുട്ടി എത്തും എന്നു പറഞ്ഞപ്പോഴാണ് ഒരു ചോദ്യം ചാട്ടുളിപോലെ എന്റെ നെഞ്ചിലേക്ക് എറിഞ്ഞത്.

ആ കുട്ടി മാളൂട്ടിയുടെ ചിതാഭസ്മവുമായല്ലേ വരുന്നത്?
അത് നിമഞ്ജനം ചെയ്യാനുള്ള ഒരുക്കങ്ങൾ ചെയ്യണം.

ഒരു നിമിഷം കാതുകൾ കൊട്ടി അടച്ചതു പോലെ ആയി.
നിശ്ചലനായി നിന്ന തന്നോട് പറഞ്ഞു എനിക്കറിയാമായിരുന്നു എന്റെ കുട്ടി ആരുടെ കൂടെയും പോവില്ല എന്ന്.
അവളുടെ കണ്ണനെ വിട്ട് അവളെവിടെ പോകാൻ. പെറ്റു വീണ മുതൽ അവളുടെ ചങ്കിടിപ്പുകൾ അറിയുന്നവളാണ് ഞാൻ.
സംശയം തോന്നിയപ്പോഴൊക്കെ പ്രാർത്ഥിച്ചു.
ഒരാപത്തും വരുത്തരുതേ എന്ന്. ഒടുവിൽ നിന്നെ പിൻ തുടർന്ന എനിക്ക് ആ വാർത്ത താങ്ങാനായില്ല.

കണ്ണൻ.. ഞാൻ പറഞ്ഞു. അവൾ പറഞ്ഞിരുന്നു. എന്നാൽ അതാരാണെന്ന് പറഞ്ഞില്ല.

അത് രാജീവനാണ്.
അവളുടെ മരണം അവനെയും തളർത്തി.
ഐറ്റി കമ്പനിയിൽ ഉണ്ടായിരുന്ന നല്ല ജോലി വലിച്ചെറിഞ്ഞ് ഇപ്പോൾ എൻജിനീയർ ബിരുദം ഉള്ള ആട്ടോ ഡ്രൈവർ ആയിരിക്കുന്നു.
ശാലിനിയുടെ മനസ്സിൽ രാജീവന്റെ തൊണ്ട ഇടറിയ വാക്കുകളും നിറഞ്ഞ കണ്ണുകളും തെളിഞ്ഞു വന്നു.

രാത്രി വല്ലാതെ കനത്തിരുന്നു.

രാത്രിയുടെ ഇരുട്ടിനെ വിളിച്ചോതി ചീവിടുകളുടെ ശബ്ദം ഉച്ചസ്ഥായിയിൽ ആയി.

മഴക്കാലമായതിനാൽ തവളകളും ഇണകളെ ആകർഷിക്കാൻ മത്സരിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.

പുറത്തെ ഇരുട്ടിനെ കീറിമുറിച്ച് നിയോൺ ബൾബുകൾ പ്രകാശിക്കുന്നുണ്ടായിരുന്നു. പതിയെ മുറ്റത്തേക്കിറങ്ങി.

ആകാശത്ത് അങ്ങിങ്ങ് മാത്രം ചില നക്ഷത്രങ്ങൾ കൺമിഴിച്ചു. ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചു കളി തുടരുന്നതും നോക്കി അവൾ മൂകയായി നിന്നു.

എങ്ങനെ മൂത്തശ്ശിയോട് പറയും എന്നാലോചിച്ച് നമ്മൾ എത്ര നാൾ സമനില തെറ്റിയവരെപ്പോലെ ആയി.
മാധവൻ മാമ പറഞ്ഞു.
മുത്തശ്ശി ഇന്നത്തെ അവസ്ഥയിൽ എത്തിയശേഷം രാജീവനോടെല്ലാം പറഞ്ഞു.
രാജീവനും എന്നോടൊന്നും പറഞ്ഞില്ല. രാജീവൻ വിവരങ്ങൾ എല്ലാം ഡൽഹിയിലുള്ള അവന്റെ സുഹൃത്തുക്കൾ വഴി അറിയുന്നുണ്ടായിരുന്നു.

എന്റ മനസ്സിനെ അലട്ടിയിരുന്ന ഒരു ചോദ്യം കൂടി ഉണ്ടായിരുന്നു.
മുത്തശ്ശി എന്തിനാണ് എന്റെ അമ്മയുടെ ഫോട്ടോ കാണണം എന്നു ആവശ്യപ്പെട്ടത്.

മാധവൻ മാമ പറഞ്ഞു.
പാവം മുത്തശ്ശി ഈ പ്രായത്തിനിടയിൽ എന്തൊക്കെ അനുഭവിച്ചു.
ഇത്രയും നല്ല മനസ്സുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല.
ആരെയും ഏതവസ്ഥയിലും സഹായിക്കാൻ മനസ്സുള്ള ഒരാൾ അനുഭവിക്കാൻ പാടല്ലാത്തതാണ് ആ അമ്മ അനുഭവിച്ചത്.
എന്താണെന്ന ചോദ്യം എന്റ നോട്ടത്തിൽ ഉണ്ടായിരുന്നു.
ആദ്യം ഭർത്താവ്.
പിന്നീട് മകനും ഭാര്യയും ആക്സിഡന്റിൽ അതിനും മുൻപ് മകൾ ഇഷ്ടപ്പെട്ട ആളിനോടൊപ്പം ഒരെഴുത്തും എഴുതി വച്ച് ഇറങ്ങിപ്പോയി.
വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും ഒരിക്കൽ പോലും അമ്മയെ തേടി വന്നില്ല.
ഒരു പാടന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അന്വേക്ഷിക്കാനും ആളില്ലാതായി. ജീവിച്ചുണ്ടോ എന്നു പോലും അറിയില്ല.
മകളുടെ പേര്?
ശാരദ..
എന്തായാലും എല്ലാത്തിനും ഇന്ന് തിരശ്ശീല വീണു.

ഇല്ല. ഇനിയുമുണ്ട് ചിലതൊക്കെ. പിന്നിൽ മുത്തശ്ശിയുടെ ശബ്ദം.

അതെന്താണ്?

അതൊക്കെ നാളെ ചടങ്ങിന് ശേഷം പറയാം ഒരിടം വരെ പോകണം.
കണ്ണനോടു പറഞ്ഞിട്ടുണ്ട് കാറ് കൊണ്ടു വരാൻ. നീയും ശാലു മോളും കൂടെ വേണം. ഞാനും വരും.
മുത്തശ്ശി… യാത്ര. സാരമില്ല..
ഇനിയുള്ള കാലം ചിലരെന്നോടൊപ്പം ഉണ്ടാകണം.

മാധവൻ പോകു. രാവിലെ വരണം.
മോളു വരൂ.
അതും പറഞ്ഞ് മുത്തശ്ശി അകത്തേക്ക് പോയി.

ഞാൻ ആകാശത്തേക്ക് നോക്കി. ഒളിച്ചു കളി മതിയാക്കി ചന്ദ്രൻ പുഞ്ചിരി തൂകുന്നു. തൊട്ടടുത്തായി ഒരു നക്ഷത്രം കണ്ണുചിമ്മി.

മോളേ.

വീണ്ടും മുത്തശ്ശി വിളിച്ചപ്പോൾ ഞാൻ അകത്തേക്ക് നടന്നു.
മാളൂന്റെ ഫോട്ടോയിലേക്ക് നോക്കി നിൽക്കേ അവൾ കണ്ണിറുക്കി ചിരിക്കുന്നത് കണ്ടു.